തൃണമൂലിന്റെ ചിഹ്നം തിരിച്ചറിയാന്‍ വോട്ടിങ് യന്ത്രത്തില്‍ പ്രത്യേക അടയാളമെന്ന് ആരോപണം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പള്‍ പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമണം. ജാദവ് പൂരിലെ ബി.ജെ.പി നേതാവായ അനുപം ഹസ്രയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതിന് പിന്നാലെ ഡയമണ്ട് ഹാര്‍ബര്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി നിലാന്‍ജന്‍ റോയിയുടെ കാര്‍ അക്രമികള്‍ തകര്‍ത്തു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും തന്റെ കാര്‍ തകര്‍ത്തെന്നും അനുപം ഹസ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ ഒരു പ്രത്യേക അടയാളം ഉണ്ടെന്നും നിരക്ഷരരായവര്‍ക്ക് ചിഹ്നം തിരിച്ചറിയാനുള്ള അടയാളമാണെതെന്നും അനുപം ഹസ്ര പറഞ്ഞു. മഷിയുള്ള ചിഹ്നത്തില്‍ അമര്‍ത്താന്‍ പ്രിസൈഡിങ് ഓഫീസര്‍ വോട്ടര്‍മാരോട് പറഞ്ഞതായും അദ്ദേഹം അലകാശപ്പെട്ടു.

ഇത് വളരെ ഗൂഢാലോചനയോടെ നടത്തിയാണെന്നും തനിക്ക് ഒന്നും അറിയില്ലായെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫീസര്‍ തന്നെ വിഡ്ഢിയാക്കുകയാണെന്നും അനുപം ഹസ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനോട് മണ്ഡലത്തില്‍ റിപോളിംഗ് നടത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്‍ക്കത്ത നഗരത്തിലുള്‍പ്പടെ പലയിടത്തും അക്രമവും ബൂത്ത് പിടിത്തവും സംഘര്‍ഷവും ബോംബേറും അരങ്ങേറി. നിരവധി സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങള്‍ തകര്‍ത്തു.