നന്ദിഗ്രാമിൽ മമതയ്ക്ക് തിരിച്ചടി, 8106 വോട്ടിനു പിന്നിൽ; കേവല ഭൂരിപക്ഷം കടന്ന് തൃണമൂലിന്റെ ലീഡ്

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 293 സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ത‌ൃണമൂൽ കോൺഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടു.  166 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ബിജെപിക്ക് 123 സീറ്റുകളിൽ ലീഡുണ്ട്. ഒരിടത്ത് കോൺഗ്രസ് – ഇടത് സഖ്യവും മുന്നിലാണ്.

അതേസമയം, ബംഗാളിലെ നന്ദിഗ്രാമിൽ മൂന്നു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മമത ബാനർജി പിന്നിലാണ്. ബിജെപിയിലേക്ക് ചേക്കേറിയ മമതയുടെ പഴയ വിശ്വസ്തൻ കൂടിയായ സുവേന്ദു അധികാരി ഇവിടെ 8106 വോട്ടിനു മുന്നിൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടർക്കും ഒരുപോലെ നിർണായകം.

ആകെ 294 സീറ്റുകളുള്ള ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രിൽ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളിൽ 200ൽ അധികം സീറ്റുകൾ നേടി വൻ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിടുന്നത്. ബംഗാൾ ഫലപ്രഖ്യാപനത്തിന്റെ തൽസമയ വിവരണത്തിലൂടെ…