പശ്ചിമബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പശ്ചിമബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറു ജില്ലകളിലെ നാല്‍പ്പത്തിയഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഡാർജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയ സ്ഥലങ്ങളിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്. അതുകൊണ്ട് മുന്നണികള്‍ക്ക് ഇന്നത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പ്രചാരണ സമയം രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുവരെയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയും അമിത് ഷായും ഇന്ന് സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും. നാലാം ഘട്ടത്തിൽ കേന്ദ്രസേനയുടെ വെടിവയ്പിൽ നാലുപേർ മരിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ, ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.