മുസ്ലീം സ്ത്രീകള്‍ ഫുട്‌ബോള്‍ കാണരുത്; യുവാക്കള്‍ നിക്കറിട്ട് കായിക മത്സരങ്ങളില്‍ പങ്കെടുക്കരുത്; 'ഹറാം' സര്‍ക്കുലര്‍ ഇറക്കി ദാറുല്‍ ഉലൂം പുരോഹിതന്‍

മുസ്ലീം സ്ത്രീകള്‍ കായികഇനമായ ഫുട്‌ബോള്‍ കാണുന്നത് ഹറാമാണെന്ന് ദാറുല്‍ ഉലൂം പുരോഹിതന്റെ വിചിത്ര സര്‍ക്കുലര്‍. ഏഷ്യയിലെ ഏറ്റവും വലിയ സുന്നി മുസ്ലീം സര്‍വകലാശാലയാല ദാറുല്‍ ഉലൂമിലെ പുരോഹിതനായ മുഫ്ത്തി അത്താര്‍ കാസ്മി എന്ന പുരോഹിതനാണ് വിചിത്രമായ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കൂടാതെ മുസ്ലീം യുവാക്കള്‍ മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രങ്ങളിട്ട് കായികമത്സരങ്ങളില്‍ പങ്കെടുക്കരുതെന്നും സ്ത്രീകള്‍ ഇത്തരം മത്സരങ്ങള്‍ കാണരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഭാര്യമാരെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിക്കുന്ന ഭര്‍ത്താക്കന്മാരെയും സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നുണ്ട്. സുന്നി മുസ്ലീം ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യ പോലും സ്ത്രീകള്‍ക്ക് സോക്കര്‍ പോലുള്ള കായികഇനങ്ങള്‍ സ്‌റ്റേഡിയത്തില്‍ പോയി കാണാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഒരു മുസ്ലീം പുരോഹിതന്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലറുമായി രംഗത്തുവരുന്നത്.

സ്ത്രീകള്‍ എന്തിനാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നത് ? ഇത്തരം മത്സരങ്ങള്‍ കാണുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്? . കായിക മത്സരങ്ങള്‍ കാണുമ്പോള്‍ സ്ത്രീകളുടെ ശ്രദ്ധ പുരുഷന്മാരിലാരില്‍ മാത്രമായിരിക്കുമെന്നും കാസ്മി പറയുന്നു.

ഉത്തര്‍പ്രദേശിലാണ് ദാറുല്‍ ഉലൂം സ്ഥിതി ചെയ്യുന്നത്. സുന്നി സമുദായത്തിന്റെ നിയമവശങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ഈ സ്ഥാപനത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്.

അതേസമയം, മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന സര്‍ക്കുലറിനെതിരെ സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.

മുമ്പും വിവാദമായ ഒട്ടേറെ സര്‍ക്കുലര്‍ ഈ സ്ഥാപനം ഇറക്കിയിട്ടുണ്ട്. മുസ്ലീം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കരുതെന്നും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഒരു സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.