വാറങ്കല്‍ ഭൂസമരം; തെലങ്കാനയില്‍ ബിനോയ് വിശ്വം എം.പി അറസ്റ്റില്‍

തെലങ്കാനയിലെ വാറങ്കലില്‍ ബിനോയ് വിശ്വം എംപി അറസ്റ്റില്‍. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എം പി ഉള്‍പ്പെടെയുള്ള ആളുകളെ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന വാഗ്ദാനം ചന്ദ്രശേഖര റാവു സര്‍ക്കാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സമരം നടത്തുന്നത്. സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് അടുത്ത് സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടിയാണ് സമരം തുടങ്ങിയത്.

വാറങ്കലിലും സമീപ പ്രദേശങ്ങളിലും ഭരണകക്ഷിയുടെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഭൂമി കയ്യടക്കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രദേശത്തെ 42ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തി. ഇതേ തുടര്‍ന്ന് ബാക്കിയുള്ള 15 ഏക്കറിലധികം ഭൂമി ഭൂരഹിതരായ ആളുകള്‍ പിടിച്ചെടുത്ത് കുടില്‍ കെട്ടുകയായിരുന്നു.