നിങ്ങളുടെ മക്കളെ കാവല്‍ക്കാരനാക്കണോ അതോ ഡോക്ടറാക്കണോ? മോദിയുടെ ചൗക്കിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് കെജ്‌രിവാള്‍

മോദിയുടെ ചൗക്കിദാര്‍ ക്യാമ്പയിനിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. #MainBhiChowkidar എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ക്യാമ്പയിന്‍ സജീവമായതോടെയാണ് കെജ്‌രിവാള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. മോദി രാജ്യത്ത് മുഴുവന്‍ ചൗക്കിദാറിനെ (കാവല്‍ക്കാര്‍) കൊണ്ട് നിറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

“നിങ്ങളുടെ മക്കളെ കാവല്‍ക്കാരായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നരേന്ദ്ര മോദിജീക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ നിങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചിനീയറോ ആയി കാണാനാണ് ആഗ്രഹമെങ്കില്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം, അതിന് വിദ്യാഭ്യാസമുള്ള ആംആദ്മി പാര്‍ട്ടിക്ക് സത്യസന്ധരായ നിങ്ങള്‍ വോട്ടു ചെയ്യണം”- അദ്ദേഹം ട്വീറ്റ് ചെയ്തു.


2014ലെ പൊതുതിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി ഉപയോഗിച്ച പ്രയോഗമായിരുന്നു “ചൗക്കിദാര്‍”. താന്‍ ഈ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നും നമ്മുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞിരുന്നു. പിന്നീട് റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദി വീണ്ടും, താനും ഈ രാജ്യത്തിന്റെ ചൗക്കിദാറാണെന്ന അവകാശവാദവുമായി ട്വിറ്റില്‍ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്.

Read more

നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് “ചൗക്കിദാര്‍ നരേന്ദ്ര മോദി” എന്നു മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി. നഡ്ഡ എന്നിവരുള്‍പ്പെടെ ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനു മുമ്പില്‍ ചൗക്കിദാര്‍ പ്രയോഗം കൂട്ടിച്ചേര്‍ത്തു.