ഗവർണറുടെ അന്ത്യശാസനം വീണ്ടും, വൈകീട്ട് ആറരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണം; അനന്തം 'കർ'നാടകം

കർണാടകം രാഷ്ട്രീയം കലങ്ങി മറിയുമ്പോൾ മുഖ്യമന്ത്രി കുമാരസ്വാമിക്ക് വീണ്ടും ഗവർണർ അന്ത്യശാസനം നൽകി. ഇന്ന് ഉച്ചക്ക് ഒന്നരക്ക് മുമ്പ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് നേരത്തെ നൽകിയ നിർദേശം പാലിക്കപ്പെടാതെ പോയ സാഹചര്യത്തിൽ വൈകീട്ട് ആറ് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ വാജുഭായി വാല നൽകിയിരിക്കുന്ന പുതിയ നിർദേശം. അതിനിടെ ഗവർണറുടെ നിലപാടുകൾക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. എം.എൽ.എ മാർക്ക് വിപ്പ് നല്‍കാന്‍ തങ്ങൾക്ക് അവകാശമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടാണ് പി.സി.സി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു സുപ്രീം കോടതിയെ സമീപിച്ചത്. കർണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതികളെ സംബന്ധിച്ച് ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചതായും വാർത്തയുണ്ട്. നേരത്തെ കേന്ദ്രം ഗവർണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണര്‍ വാജുഭായ് വാല നൽകിയ നിര്‍ദ്ദേശം നടപ്പായില്ല. സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ, വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറായില്ല. വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം എന്ന നിലപാടിൽ സ്പീക്കര്‍ ഉറച്ചു നിന്നതോടെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകം അനന്തമായി നീളുന്ന അവസ്ഥയിലാണ്.

ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം ഇന്ന് രാവിലെ പുനരാരംഭിച്ച നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട എന്ന് സഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാൻ കരുത്തുണ്ടെന്ന് പറഞ്ഞ സ്പീക്കർ രമേഷ് കുമാർ മറിച്ചുള്ള ആരോപണങ്ങൾ ഒന്നും കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചു. തന്നെ സമ്മര്‍ദ്ദത്തിലാക്കാൻ പോന്ന ഒരാളും ഇതുവരെ ജനിച്ചിട്ടില്ലെന്ന് വരെ സ്പീക്കര്‍ നിയമസഭയിൽ തുറന്നടിച്ചു.

ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെ അതിന് തയ്യാറല്ലെന്ന കോൺഗ്രസ് നിലപാട് വന്നതോടെ കാര്യങ്ങൾ കൂടുതല്‍ സങ്കീര്‍ണമായി. “നിങ്ങൾക്ക് ഇന്നോ തിങ്കളാഴ്ചയോ ഒക്കെ സർക്കാരുണ്ടാക്കാം, പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ട് മാത്രം “- ഇതായിരുന്നു വിശ്വാസ പ്രമേയത്തിൽ നിയമസഭയിൽ സംസാരിച്ച് തുടങ്ങിയ മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം. അരുണാചൽ പ്രദേശ് ഗവർണറുടെ നടപടിയിലെ സുപ്രീം കോടതി വിധി കുമാരസ്വാമി നിയമസഭയിൽ വായിച്ചു. ഗവർണർ സഭയുടെ അധികാരത്തിൽ ഇടപെടരുത് എന്ന് വിധിയിൽ വ്യക്തമാണെന്ന് കുമാരസ്വാമി പറഞ്ഞു. ഗവര്‍ണറുടെ കത്തിൽ സ്പീക്കര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നായിരുന്നു കുമാരസ്വാമിയുടെ ആവശ്യം.

ഉച്ചക്ക് ഒന്നരയായപ്പോൾ ബി.ജെ.പി അംഗങ്ങൾ എഴുന്നേറ്റ് ഗവര്‍ണറുടെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏത് സമയപരിധി ആര ുപറഞ്ഞാലും ചട്ടപ്രകാരം മാത്രമെ ഇടപെടാനാകൂ എന്നായിരുന്നു സ്പീക്കറുടെ മറുപടി. രണ്ട് തവണ തന്‍റെ നിര്‍ദ്ദേശം സ്പീക്കറുടെ നേതൃത്വത്തിൽ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകാനും സാധ്യതയുണ്ടെന്നാണ് വിവരം.

എന്നാൽ ഉച്ചയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗൂഢനീക്കമാണ് എന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഗവര്‍ണര്‍ ബിജെപിയുടെ കൈയിലെ കളിപ്പാവയാണെന്ന് കോൺഗ്രസ് നേതാവ് കെ. സി വേണുഗോപാൽ ആരോപിച്ചു. സര്‍ക്കാരിന് സംഖ്യ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിയമ നടപടികൾ വഴി കാര്യങ്ങൾ അനുകൂലമാക്കാനും അനുനയത്തിന് കൂടുതൽ സമയം നേടിയെടുക്കാനുമാണ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം നീക്കം നടത്തുന്നത്. എങ്ങനെയെങ്കിലും വിപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം എന്നും വ്യക്തമാണ്. വോട്ടെടുപ്പ് പരമാവധി നീട്ടിക്കൊണ്ടു പോകാനാണ് അവർ ശ്രമിക്കുന്നത്.