വിശാഖപട്ടണം വാതകദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

വിശാഖപട്ടണത്തെ എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ വാതക ചോർച്ചയിൽ ഒരു കുട്ടി ഉൾപ്പെടെ മരണം 11 ആയി. തലവേദന, ഛർദ്ദി, ശ്വാസതടസ്സം തുടങ്ങിയ പരാതികളോടെ നൂറുകണക്കിന് ഗ്രാമീണരെ വിശാഖപട്ടണത്തെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

വിശാഖപട്ടണം എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് വാതകചോർച്ച ഉണ്ടായത്. മരണസംഖ്യ ഇപ്പോൾ 11 ആയി ഉയർന്നു, സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം ഗ്യാസ് ചോർച്ച ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചോർച്ചയുടെ ദുരിതം ഇപ്പോഴും അനുഭവിക്കുന്നവർക്ക് 10 ലക്ഷം രൂപയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തവർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും.

ആയിരത്തോളം പേർ ചോർച്ചയ്ക്ക് ഇരയായതായി പ്രാദേശിക അധികൃതർ അറിയിച്ചു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് മൂവായിരത്തിലധികം പേരെ ഒഴിപ്പിച്ചു.

Read more

വിശാഖപട്ടണം പ്ലാന്റിലെ വാതക ചോർച്ച നിർവീര്യമാക്കുന്നതിന് 500 കിലോ പാരാ ടെർഷ്യറി ബ്യൂട്ടിൽ കാറ്റെകോൾ (പിടിബിസി) രാസവസ്തു ദാമനിൽ നിന്ന് ആന്ധ്രാ പ്രദേശ് വിമാനത്തിൽ കൊണ്ടുവരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ സെക്രട്ടറി അശ്വനി കുമാർ പറഞ്ഞു.