വില്ലേജ് റവന്യു ഓഫീസര്‍മാര്‍ തമ്മില്‍ കൈയാങ്കളി; ചെവി കടിച്ചെടുത്തു

ആന്ധ്രാപ്രദേശില്‍ വില്ലേജ് റവന്യു ഓഫീസര്‍മാര്‍ തമ്മില്‍ കൈയാങ്കളി. തര്‍ക്കം മൂത്ത് ഒരാള്‍ മറ്റേയാളുടെ ചെവി കടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. തഹസില്‍ദാര്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വേണുഗോപാല്‍ റെഡ്ഡിയും വില്ലേജ് റവന്യു ഉദ്യോഗസ്ഥനായ കൃഷ്ണദേവരായ്യയും തമ്മിലുളള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

ഞായറാഴ്ച, ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. എന്താണ് തര്‍ക്കമുണ്ടാകാന്‍ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക ഇടപാടാണ് ഇരവരുടെയും തര്‍ക്കത്തിന് പിന്നിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മറ്റ് വിആര്‍ഒമാരുടെ ഫോമുകളിലെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പണം ചോദിക്കുന്ന ശിലമുണ്ട് വേണുഗോപാല്‍ റെഡ്ഡിക്ക്.

ഒരു കര്‍ഷകന്റെ ആപ്ലിക്കേഷന്‍ അപ് ലോഡ് ചെയ്തതില്‍ പിഴയുണ്ടെന്ന് കൃഷ്ണദേവരായ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് കാരണമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും തമ്മില്‍ കൈയേറ്റമുണ്ടാകുകയും കൃഷ്ണദേവരായ വേണുഗോപാല്‍ റെഡ്ഡിയുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു.

വേണുഗോപാല്‍ റെഡ്ഡി തന്നെ അയാളുടെ ചെരുപ്പു കൊണ്ടെറിഞ്ഞെന്നും അപമാനിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണദേവരായ പറഞ്ഞു. വേണുഗോപാല്‍ റെഡ്ഡിയുടെ ചെവിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ തഹസില്‍ദാര്‍ ഓഫീസിലെ ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റുകയും ഇരുവരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു.