ഈ ബിജെപി എംപി ഇരയ്‌ക്കൊപ്പമല്ല; 'ബലാത്സംഗത്തിന് കാരണം മൂന്ന് ആണുങ്ങളുള്ള ഓട്ടോയില്‍ സ്ത്രീ കയറിയത്' '

ചണ്ഡിഗഡില്‍ ഓട്ടോറിക്ഷയില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ കുറ്റപ്പെടുത്തി ബിജെപി എംപിയും നടിയുമായ കിരണ്‍ ഖേര്‍. ഓട്ടോയില്‍ മൂന്ന് പുരുഷന്മാര്‍ ഉണ്ടെന്നിരിക്കെ, പെണ്‍കുട്ടി അതില്‍ കയറരുതായിരുന്നുവെന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് താന്‍ ഇത് പറയുന്നതെന്നും കിരണ്‍ ഖേര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു കിരണിന്റെ വിചിത്ര പ്രസ്താവന.

സ്വന്തം സുരക്ഷയെ കുറിച്ച് പെണ്‍കുട്ടികള്‍ ജാഗരൂഗരായിരിക്കണം. താന്‍ മുംബൈയില്‍ വെച്ച് ടാക്സിയില്‍ കയറുമ്പോള്‍ വേണ്ടപ്പെട്ട ആരെയെങ്കിലും ടാക്സി നമ്പര്‍ അറിയിക്കാറുണ്ട്. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ആണ്‍കുട്ടികളെ ബോധവത്കരിക്കണമെന്നും കിരണ്‍ ഖേര്‍ പറഞ്ഞു. ചണ്ഡിഗഡില്‍ എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ ഇല്ലാത്തതെന്ന ചോദ്യത്തിന് നഗരത്തില്‍ എംപിയും മേയറും പൊലീസ് സൂപ്രണ്ടുമൊക്കെ വനിതകളാണെന്നിരിക്കെ എന്തിനാണ് വനിതാ കമ്മീഷന്റെ ആവശ്യം എന്നായിരുന്നു കിരണിന്റെ ഉത്തരം.

കഴിഞ്ഞ ദിവസമാണ് 22കാരിയായ യുവതി ചണ്ഡിഗഡില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. സ്റ്റെനോഗ്രഫി ക്ലാസ്സിന് ശേഷം സെക്ടര്‍ 37ല്‍ നിന്നും താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഈ വഴിയില്‍ ബസ് സര്‍വ്വീസ് കുറവായതിനാല്‍ ഓട്ടോകളെ ആശ്രയിക്കാതെ മറ്റു വഴിയില്ലാതിരുന്ന യുവതി ഓട്ടോയില്‍ കയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും മറ്റ് രണ്ട് യാത്രക്കാരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം സെക്ടര്‍ 53ന് സമീപം ഉപേക്ഷിച്ചു. യുവതിയെ അബോധാവസ്ഥയില്‍ കണ്ട വഴിയാത്രക്കാരനാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.