വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേക്കെന്ന് സൂചന; പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ട്

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ എം.പി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകള്‍. വരുണ്‍ഗാന്ധി കുറേ നാളായി ബി.ജെ.പി. നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും വരുണിനെ ബി.ജെ.പി. തഴഞ്ഞിരുന്നു. 35 വര്‍ഷത്തിനുശേഷം നെഹ്‌റു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഞ്ജയ് ഗാന്ധിയുടെ മകനും സുല്‍ത്താന്‍പുരില്‍നിന്നുള്ള ബിജെപി എംപിയുമാണ് വരുണ്‍. ബിജെപിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും യുപി മുഖ്യമന്ത്രിയാകാന്‍ വരെ യോഗ്യതയുണ്ടായിട്ടും അമിത് ഷായും മോഡിയും വരുണിനെ അവഗണിക്കുകയാണെന്നും ആഗ്രയിലെ കോണ്‍ഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി അനുഭാവികള്‍ പോലും ഉയര്‍ത്തിക്കാട്ടിയ പേരായിരുന്നു വരുണ്‍ ഗാന്ധിയുടേതെന്നും ഇതവഗണിച്ചാണ് മോഡി യോഗിയെ കെട്ടിയിറക്കിയതെന്നും മുതിര്‍ന്ന നേതാവായ ഹാജി ജമീലുദ്ദീന്‍ പറഞ്ഞു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് വരുണ്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റിയില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയാണു വരുണിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നതെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വരുണ്‍ ഒന്നിലേറെത്തവണ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 25നു പത്താം നമ്പര്‍ ജന്‍പഥിലായിരുന്നു ചര്‍ച്ചയെന്നും ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത് ഷാ നയിക്കുന്ന ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്നുള്ള അവഗണനയില്‍ അതൃപ്തനാണ് വരുണ്‍ ഗാന്ധി. 2015ല്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ ശേഷം വരുണ്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലടക്കം വരുണ്‍ഗാന്ധി തഴയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ പ്രചാരണത്തിലടക്കം വരുണിന് ഇടം ലഭിച്ചില്ല. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിലും വരുണിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വരുണിന്റെ പുതിയ തീരുമാനത്തെ അമ്മ മേനക ഗാന്ധി ശക്തമായി എതിര്‍ക്കുകയാണ്. അതുപോലെതന്നെ സോണിയയ്ക്കും വരുണിന്റെ വരവിനോട് വലിയ താല്‍പര്യമില്ലെന്നും സൂചനകളുണ്ട്.

യുപി തെരഞ്ഞെടുപ്പിനുശേഷം നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധിക്കെതിരേ പരാമര്‍ശങ്ങളൊന്നും വരുണ്‍ നടത്തിയിട്ടില്ല. രാഹുലിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചു വരുണ്‍ കോണ്‍ഗ്രസിലെത്തുമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷ അറിയിച്ചു. ഇതു സംഭവിച്ചാല്‍ 35 വര്‍ഷത്തിനു ശേഷം നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളുടെ കൂടിച്ചേരലാകും.