സമ്പന്ന എംപിമാര്‍ ശമ്പളം ഉപേക്ഷിക്കാന്‍ നിർദേശവുമായി വരുണ്‍ ഗാന്ധി

ലോക്‌സഭാംഗയിലെ അംഗങ്ങളായ സമ്പന്നരായ എംപിമാര്‍ ശമ്പളം ഉപേക്ഷിക്കുന്നത് പ്രോത്സഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.പി വരുണ്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്തയച്ചു. അടുത്ത ലോക്‌സഭാ തെരെഞ്ഞടുപ്പ് വരെ സമ്പന്ന എംപിമാര്‍ ശമ്പളം വേണ്ടെന്ന് വയ്ക്കുന്നതിനെക്കുറിച്ച് പരിഗണിക്കാനുള്ള നടപടി സ്വീകരിക്കാനാണ് വരുണ്‍ ഗാന്ധി കത്തില്‍ നിര്‍ദേശിക്കുന്നത്.

ഇതു ദേശീയതലത്തില്‍ തന്നെ ഒരു നല്ല സന്ദേശം നല്‍കും. ഇത്തരത്തിലുള്ള പ്രവര്‍ത്തനം വഴി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് വരുണ്‍ ഗാന്ധി കത്തില്‍ പറയുന്നു.

രാജ്യത്ത് അസമത്വം വര്‍ധിക്കുന്നതില്‍ വരുണ്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യത്തിന് അത് ദോഷകരമായി ബാധിക്കും. രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ എംപിമാര്‍ തയ്യാറാക്കണമെന്നും വരുണ്‍ ഗാന്ധി കത്തില്‍ പറയുന്നു.