‘ഇല്ലില്ല, വടക്കന്‍ വലിയ നേതാവായിരുന്നില്ല’,ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് രാഹുലിന്റെ പ്രതികരണം

ടോം വടക്കന്‍ വലിയൊരു നേതാവായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കന്‍ കോണ്‍ഗ്രസ് വിട്ടതു കൊണ്ട് പാര്‍ട്ടിക്ക് എന്തു സംഭവിക്കും എന്ന പത്രലേഖകരുടെ ചോദ്യത്തിനാണ് പാര്‍ട്ടി അധ്യക്ഷന്‍ ഇങ്ങിനെ മറുപടി നല്‍കിയത്. ദീര്‍ഘകാലം പാര്‍ട്ടി വക്താവായിരുന്ന വടക്കന്‍ ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്.

എന്നാല്‍ ഹൈക്കമാന്റുമായി ഏറെ അടുപ്പമുണ്ടായിരുന്ന വടക്കന്റെ പാര്‍ട്ടിമാറ്റത്തെ കുറിച്ച് ഇതുവരെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല. വടക്കന്‍ വലിയ നേതാവല്ല എന്നു പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് മോദിയേയും ബിജെപിയേയും ആക്രമിക്കുന്ന മൂന്ന പ്രധാന വിഷയങ്ങളെ കറിച്ചാണ് കൂടുതല്‍ സംസാരിച്ചത്.

തൊഴിലില്ലായ്മ, റഫേല്‍, കര്‍ഷക പ്രതിസന്ധി. ഈ മൂന്ന് വിഷയങ്ങളിലാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി ആക്രമിക്കപ്പെടുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ രണ്ട് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ആളാണ് ടോം വടക്കന്‍. പല തവണ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.