"വാക്‌സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുന്നു"; വ്യാജ പ്രചരണത്തിനെതിരെ കർശന നടപടിയുമായി ഫെയ്സ്ബുക്ക്

കോവിഡ് വാക്സിൻ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്ന് വ്യാജ പ്രചരണം നടത്തിയ സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി.

അസ്ട്രസെനക, ഫൈസർ വാക്‌സിനുകൾ സ്വീകരിച്ചാൽ പിന്നീട് ചിമ്പാൻസിയായി മാറുമെന്ന് പ്രചരിപ്പിച്ച 300 ഓളം അക്കൗണ്ടുകൾ ഫെയ്സ്ബുക്ക് വിലക്കി.

65 ഫെയ്സ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഞങ്ങളുടെ പോളിസി ലംഘിച്ചതിനെ തുടർന്ന് നിരോധിച്ചെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി.

ഇന്ത്യ, ലാറ്റിൻ അമേരിക്ക, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വ്യാജപ്രചാരണം നടത്തിയത്. ഈ അക്കൗണ്ടുകൾക്ക് റഷ്യയുമായി ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ചിമ്പാൻസികളുടെ ജീനുകളെ അടിസ്ഥാനമാക്കിയാണ് ആസ്ട്രസെനെക്ക വാക്‌സിൻ ഉണ്ടാക്കിയതെന്നും പാർശ്വഫലങ്ങൾ കാണിച്ച ഈ വാക്‌സിൻ നിരോധിക്കണമെന്നും ഇല്ലെങ്കിൽ അത് സ്വീകരിച്ചവർ ചിമ്പാൻസികളായി മാറുമെന്നായിരുന്നു വ്യാജ പ്രചാരണം.

2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് വ്യാജ പ്രചാരണം ആരംഭിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, 2021 മെയ് മാസത്തിൽ ഇവ വീണ്ടും സജീവമാവുകയായിരുന്നു.