മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കോവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണം; പുതുച്ചേരി മുഖ്യമന്ത്രി

കണ്ണൂർ മെഡിക്കൽ കോളജിൽ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ കോവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. വിവാദത്തിന് താത്പര്യമില്ലെന്നും കേന്ദ്ര നിർദ്ദേശം അനുസരിച്ചേ പ്രവർത്തിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിർദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാദ്ധ്യതയുണ്ട്, ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനം എടുക്കണമെന്നും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ അറിയിപ്പ്.

എന്നാല്‍ മെഹ്റൂഫ് മരിച്ചത് കേരളത്തിൽ വെച്ചാണെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് സര്‍ക്കാര്‍ വാദം. കേരളം കൈയൊഴിഞ്ഞതില്‍ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് മെഹ്റൂഫിന്‍റെ കുടുംബം പറഞ്ഞിരുന്നു.