’ഇന്ത്യയിലേക്കുള്ളത് വലിയ യാത്ര, മോദി അടുത്ത സുഹൃത്ത്’: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും, അഹമ്മദാബാദില്‍ വമ്പന്‍ സ്വീകരണം

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിനായി പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദും ആഗ്രയും ദില്ലിയും ഒരുങ്ങി കഴിഞ്ഞു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച 11.40 നാകും ട്രംപ് വിമാനമിറങ്ങുക. ദില്ലിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക.

ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന ട്രംപ് സബർമതി ആശ്രമവും സന്ദർശിക്കും. ഒരു അമേരിക്കൻ പ്രസിഡന്‍റിന് ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും വലിയ സ്വീകരണത്തിനാവും അഹമ്മദാബാദ് സാക്ഷ്യം വഹിക്കുക. ജർമ്മനിയിലെ സ്റ്റോപ്പ് ഓവറിനു ശേഷം ഇന്ത്യയിലേക്ക് തിരിച്ച ട്രംപ് രാവിലെ പതിനൊന്നരയ്ക്ക് ശേഷം വിമാനത്താവളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തൊട്ടു മുമ്പ് അഹമ്മദാബാദിലെത്തും.

ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്റ്റേഡിയത്തിലെത്തും. ട്രംപിന്‍റെയും മോദിയുടെയും അരമണിക്കൂർ പ്രസംഗമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും ട്രംപിൽ നിന്ന് പ്രതീക്ഷിക്കാം.

ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ അമേരിക്കൻ ഊർജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്. നിർണ്ണായക ചർച്ചകൾ നാളെ ദില്ലിയിലായിരിക്കും നടക്കുക. ആഭ്യന്ത്രമന്ത്രി അമിത് ഷാ ഇന്നലെ നമസ്തെ ട്രംപ് നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിലെത്തി ഒരുക്കം വിലിയിരുത്തിയിരുന്നു.

ഇന്ത്യയിലേക്ക് തിരിക്കുന്നത് ആവേശത്തോടെയെന്ന് വിമാനത്തില്‍ കയറും മുമ്പ് ട്രംപ് പ്രതികരിച്ചു. തന്‍റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുമെന്നും തന്‍റെ സ്വീകരണറാലി വലിയ സംഭവമാകുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

ലോകത്തെ ഏറ്റവും സുരക്ഷിത വിമാനമായ എയർഫോഴ്‌സ്‌ വണ്ണിൽ മേരിലാൻഡ് സൈനിക വിമാനത്താവളത്തിൽ നിന്നാണ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇടയ്ക്ക് ജർമനിയിലെ മെയിൻസിലുള്ള യു എസ് സൈനികത്താവളത്തിൽ ട്രംപ് ഇറങ്ങും. തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സമയം 4. 25 ന് ജർമനിയിൽ നിന്ന് യാത്ര തുടരുന്ന ട്രംപ് 11. 40 ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.

ഹൈദരാബാദ് ഹൗസിൽ ചൊവ്വാഴ്ചയാകും ഇരു രാഷ്ട്രങ്ങളുമായി നിർണ്ണായക ചർച്ച നടക്കുക. ആയുധ കരാറുകൾക്കൊപ്പം പുതിയ ആണവകരാറും ആലോചനയിലുണ്ട്. അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ ഉയർന്നു വരും. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യ ശക്തമായി ഉന്നയിക്കും. ഇന്ത്യാ അമേരിക്ക ബന്ധം കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.