'നമസ്തേ ട്രംപ്' സമാപിച്ചു; 5.30 ന് ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കും 

മൊട്ടേര സ്റ്റേഡിയത്തിലെ “നമസ്തേ ട്രംപ്” സമാപിച്ചു. വൈകീട്ട് 4.15-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകും ട്രംപിനെ ഇവിടെ സ്വീകരിക്കുക. വൈകീട്ട് 7.30ന് ഡല്‍ഹിയിലെത്തും. തുടര്ന്ന് രാഷ്ട്രപതിയുടെ ഔദ്യോഗിക വിരുന്നുണ്ടാകും.

ചൊവ്വാഴ്ചയാണ് നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11-നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ചു ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില്‍ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും.അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന രണ്ടു ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം രാത്രി 10-ന് യു.എസ്. പ്രസിഡന്റ് മടങ്ങും.

പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യയിലേക്കു മാത്രമായി ഒരു യു.എസ്. പ്രസിഡന്റ് എത്തുന്നതും ആദ്യമായാണ്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഈ സന്ദര്‍ശനമെന്നത് അമേരിക്കയുടെ ആഭ്യന്തരരാഷ്ടീയത്തിനും പ്രധാനമാണ്.