എത്രയോ പേര്‍ തെരുവില്‍ പൂരിയും പക്കോടയും വില്‍ക്കുന്നു, എന്നിട്ടും തൊഴില്‍ ഇല്ലായ്മയെന്ന് പരാതിയോ?: യു.പി മന്ത്രി

സംസ്ഥാനത്ത് എല്ലാവര്‍ക്കും തൊഴിലുള്ളപ്പോള്‍ തൊഴിലില്ലായ്മയെ കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ അര്‍ത്ഥമില്ലെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി മന്ത്രി. അലഹബാദ് സൗത്തിലെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ നന്ദഗോപാല്‍ ഗുപ്തയാണ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടെന്നും തൊഴിലില്ലായ്മയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മോദി നേരിട്ടുകൊള്ളും എന്നാണ് ഗുപ്ത പറയുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ ജോലിയില്ലാത്തത് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗുപ്ത പ്രയാഗ്രാജിന്റെ പരിസരത്തുള്ള ചായക്കടയില്‍ കയറി പക്കോടയും ജിലേബിയും ഉണ്ടാക്കുകയും യോഗി ആദിത്യനാഥിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു.

‘ആളുകള്‍ എന്നെ അവരുടെ കടയിലേക്ക് വിളിക്കുകയാണ്, നന്ദി ഭായ് ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കൂ എന്നാണ് അവര്‍ എന്നോട് പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ഒരുപാട് ആളുകള്‍ ഇവിടെ പൂരിയും പക്കോടയും വില്‍ക്കുന്നുണ്ടെന്നും ഇവരെ തൊഴില്‍ രഹിതരായി കണക്കാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരെല്ലാവരും തൊഴിലെടുക്കുകയാണെന്നും എന്തടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മയുണ്ടെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.