ഭരണചക്രം തിരിക്കുന്ന യു.പി, എന്‍.ഡി.എക്കൊപ്പം, മഹാസഖ്യത്തിന്റെ തന്ത്രങ്ങള്‍ പാളി

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ എന്‍ഡിഎ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പലയിങ്ങളിലും ആധിപത്യം ഉറപ്പിച്ചിരുന്നു. എസ് പിയും ബിഎസ്പിയും ഒരുമിച്ചിട്ടും എന്‍ഡിഎയുടെ മുന്നേറ്റത്തെ മറികടക്കാന്‍ ആയില്ല.

ആരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് തീരുമാനിക്കാന്‍ പോലും യുപി ഫലം നിര്‍ണായകമായിരുന്നു. 542 അംഗ ലോകസഭയില്‍ ഭൂരിപക്ഷം നിര്‍ണയിക്കുന്നതില്‍ 80 സീറ്റുള്ള യുപിയിലെ വിധിയെഴുത്ത് സുപ്രധാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി, രാഹുല്‍ ഗാന്ധിയുടെ മണ്ഡലം അമേഠി എന്നിവ രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലങ്ങള്‍ തന്നെ.

എണ്‍പതുകള്‍ വരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു യുപി എന്നോര്‍ക്കണം. 1977 ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പം കാലിടറിയത്. അതും അടിയന്തരാവസ്ഥക്ക് ശേഷം. 1989ല്‍ ജനതാദളും തുടര്‍ന്ന് തൊണ്ണൂറുകളില്‍ ബിജെപിയും മുന്നിലെത്തി. അന്ന് ബൊഫോഴ്‌സ് അഴിമതി ജനതാദളിനും അയോധ്യ വിഷയം ബിജെപിക്കും ഗുണം ചെയ്തു.

2014 മുതലിങ്ങോട്ട് ബിജെപിക്ക് അനുകൂലമായി കാര്യങ്ങള്‍. 71 സീറ്റ് അന്ന് ബിജെപിക്ക് നല്‍കി കൊണ്ടായിരുന്നു തിരിച്ചുവരവ് നടത്തിയത്. എന്‍ഡിഎക്ക് 73 സീറ്റാണ് അന്ന് ലഭിച്ചത്. അമേഠിയും റായ്ബറേലിയുമാണ് അന്ന് നിലനിര്‍ത്തിയത്.

ഇത്തവണ എസ്പി – ബിഎസ്പി സഖ്യം വഴിത്തിരിവാകും എന്ന് വിചാരിച്ചെങ്കിലും പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് ഇത്തവണത്തെ ഫലം. കോണ്‍ഗ്രസിനെ ഒഴിവാക്കി പുതിയ സഖ്യം രൂപീകരിച്ചപ്പോള്‍ ബിജെപിക്ക് അല്‍പ്പം ക്ഷീണമാകുമോ എന്ന് വിചാരിച്ചിടത്താണ് യുപി വീണ്ടും ബിജെപിയെ തുണച്ചത്. ജാതി രാഷ്ട്രീയം നിര്‍ണായകമായ യുപിയില്‍ ദേശീയത എന്ന ഒറ്റനൂലിലേക്ക് കോര്‍ത്തിണക്കാന്‍ ഇത്തവണ ബിജെപിക്കായി എന്ന് വേണം കരുതാന്‍. ദളിത്- പിന്നോക്ക- ന്യൂനപക്ഷ വോട്ടുകള്‍ സ്ഥിരം വോട്ടുബാങ്കില്‍ നിന്ന് ഇത്തവണ മാറി മറിഞ്ഞു. ബ്രാഹ്മണ മേധാവിത്വമുള്ള സവര്‍ണ വോട്ടുകള്‍ ബിജെപി നേരത്തെ തന്നെ ഉറപ്പിച്ചതാണ്. പ്രിയങ്കയുടെ വരവ് അണികളെ ഏറെ ആവേശഭരിതമാക്കിയെങ്കിലും വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസിനായില്ല. പ്രിയങ്ക ഗാന്ധിക്ക് ഇന്ദിരാഗാന്ധി പരിവേഷം മാധ്യമങ്ങളും കോണ്‍ഗ്രസും നല്‍കിയിട്ടും യുപിയെ രക്ഷപ്പെടുത്താന്‍ ഇതൊന്നും സഹായകമായില്ല.