അലഹബാദിന്റെ പേരുമാറ്റം: യോഗി സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ചരിത്രത്തെ സര്‍ക്കാര്‍ വളച്ചൊടിക്കുകയും തകര്‍ക്കുകയുമാണെന്ന് പ്രതിപക്ഷവും, പണ്ഡിതന്മാരും ചരിത്രകാരന്മാരും വിമര്‍ശിക്കുന്നതിനിടെയാണ് സുപ്രീം കോടതി യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. 1575-ലാണ് അലഹബാദിന് ഈ പേര് ലഭിച്ചത്. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ഇതിനെ “ഇല്ലഹാബാസ്” എന്നാണ് വിളിച്ചത്. ദൈവത്തിന്റെ വാസസ്ഥാനം എന്നായിരുന്നു ഇതിന്റെ അര്‍ത്ഥം.

500 വര്‍ഷം മുമ്പ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ചെയ്ത തെറ്റുകള്‍ തിരുത്താനാണ് ചരിത്ര നഗരമായ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിന് പിന്നിലെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ബി.ജെ.പിയുടെ വാദം. അക്ബര്‍ മാറ്റിയ നഗരത്തിന്റെ പഴയ പേര് പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.