ചെടി തിന്ന കഴുതകളെ ജയിലിലടച്ചു; ഇറക്കാനെത്തിയത് രാഷ്ട്രീയ നേതാവ്

ഉത്തര്‍പ്രദേശ് ഉറായി ജില്ലയിലെ ജലൗണ്‍ പൊലീസ് സ്റ്റേഷനില്‍ നാലു ദിവസം വ്യത്യസ്ഥമായ ചില തടവുകാരുണ്ടായിരുന്നു.  മനുഷ്യരല്ല. കഴുതകളെയാണ് ജയിലിലടച്ചത്. വില കൂടിയ ചെടികള്‍ തിന്നതിനാണ് കഴുതകളെ നാല് ദിവസം ഉറായി ജില്ലാ ജയിലില്‍ പാര്‍പ്പിച്ചത്. ഉറായി ജയിലിന് പുറത്ത് നട്ടുപിടിപ്പിച്ചിരുന്ന അഞ്ച് ലക്ഷം രൂപ വില വരുന്ന ചെടികളാണ് കഴുതകള്‍ തിന്നുതീര്‍ത്തത്. ഇതേതുടര്‍ന്നാണ് കഴുതകളെ ജയിലില്‍ അടച്ചത്. നാല് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കുറ്റക്കാരായ എട്ട് കഴുതകളും തിങ്കളാഴ്ച ജയില്‍ മോചിതരാക്കി.

ജയിലിനുള്ളില്‍ നടാനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിരുന്ന വില കൂടിയ ചെടികളാണ് കഴുതകള്‍ ഭക്ഷിച്ചത്. ഇതേതുടര്‍ന്ന് പൊലീസുദ്യോഗസ്ഥര്‍ കഴുതയുടെ ഉടമയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ താക്കീത് വകവെക്കാതെ വീണ്ടും കഴുതകളെ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് കഴുതയെ തടവിലാക്കിയതെന്ന് ഉറായി ജയില്‍ സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആര്‍ കെ മിശ്ര വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

നവംബര്‍ 24നാണ് പൊലീസ് കമലേഷ് എന്നയാളുടെ എട്ട് കഴുതകളെ പിടിച്ചെടുത്തത്. കഴുതകളെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് തന്റെ കഴുതകള്‍ ജയിലിലായ കാര്യം അറിയുന്നത്. തുടര്‍ന്ന് കഴുതകളുടെ മോചനം ആവശ്യപ്പെട്ട് കമലേഷ് പൊലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍, കഴുതകളെ മോചിപ്പിക്കാന്‍ പൊലീസ് തയാറായില്ല. തുടര്‍ന്ന് പ്രദേശിക ബിജെപി നേതാവ് ഇടപെട്ടാണ് കഴുതയെ മോചിപ്പിച്ചത്.