'യോഗ ഗുരുവിന് യോഗിയുടെ സമ്മാനം'; പതഞ്ജലിയുടെ ആറായിരം കോടി രൂപയുടെ ഫുഡ് പാര്‍ക്കിന് സബ്‌സിഡി

ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ ഫുഡ് പാര്‍ക്കിന് സബ്‌സിഡി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. യമുന എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപം 6000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മെഗാ ഫുഡ് പ്രോജക്ട് പാര്‍ക്കിനാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നിര്‍ദ്ദിഷ്ട ഫുഡ് പാര്‍ക്ക് നിക്ഷേപം കൊണ്ടു വരുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സബ്‌സിഡി നല്‍കിയിരുന്നു.

അനുവദിച്ച 455 ഏക്കര്‍ ഭൂമിയില്‍ 9 ഏക്കര്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് അനുമതി ലഭിച്ചതോടെ അനുബന്ധ സ്ഥാപനമായ പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് എന്നിവയ്ക്കും സബ്‌സിഡി നല്‍കും.