വില്‍പ്പനയ്ക്ക് വച്ച പച്ചക്കറികള്‍ക്കു മേല്‍ വാഹനം ഓടിച്ചു കയറ്റി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; വില്‍പന നടത്താന്‍ അനുമതി വാങ്ങാത്തതു കൊണ്ടാണെന്ന് വിശദീകരണം; വീഡിയോ

ഉത്തര്‍പ്രദേശില്‍ വില്‍ക്കാന്‍ വെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാഹനം ഓടിച്ചു കയറ്റി. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള മാര്‍ക്കറ്റിലാണ് സംഭവം. ഷീറ്റ് വിരിച്ച് പച്ചക്കറികള്‍ അതിന്മേല്‍ വച്ച് വില്‍പ്പന നടത്തുകയായിരുന്നു കര്‍ഷകന്‍. വില്‍പ്പന നടത്താന്‍ അനുമതി വാങ്ങിയില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉദ്യോഗസ്ഥന്റെ പരാക്രമം. പച്ചക്കറികള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്.

മാര്‍ക്കറ്റിന്റെ സെക്രട്ടറിയായ സുശീല്‍കുമാറിന്റെ വാഹനം ഉപയോഗിച്ചാണ് വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ നശിപ്പിച്ചത്. വാഹനം മുന്നോട്ടും പിന്നിലേക്കും എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധി തവണയാണ് ഇത് ആവര്‍ത്തിച്ചത്. കുറെ ആളുകള്‍ വട്ടം കൂടി ഇത് നോക്കിനില്‍ക്കുന്നതും മറ്റു ചിലര്‍ പ്ലാസ്റ്റിക് ബാസ്‌ക്കറ്റ് എടുത്തുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി ഇത് നോക്കിനില്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. സുശീല്‍ കുമാറിന്റെ ഡ്രൈവറാണ് വാഹനം ഓട്ിച്ചിരുന്നത്. സെക്രട്ടറി ഇതിന് തൊട്ടടുത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ കയ്യേറ്റശ്രമം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. നിരവധി തവണ റോഡുവക്കത്തിരുന്ന് വില്‍പ്പന നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന്് ഉദ്യോഗസ്ഥര്‍ പറയുന്നു. കടയില്ലാത്തവര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുളളതായും ഇവര്‍ വ്യക്തമാക്കുന്നു.