പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കും, വിനയായത് മംഗലാപുരം - ഡല്‍ഹി കലാപങ്ങളിലെ പങ്ക്

 

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മംഗലാപുരത്ത് കഴിഞ്ഞ മാസം നടന്ന കലാപവും, പരൗത്വ ബില്‍ പ്രക്ഷോഭത്തിന്റെ കാലത്ത് ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ നടന്ന കലാപങ്ങളും പോപ്പുലര്‍ ഫ്രണ്ടിന്റ പിന്തുണയോടെും സഹായത്തോടെയും നടന്നതാണെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ വെളിവാക്കുന്നു.

ഇതില്‍ മംഗാലാപുരത്ത് ബി ജെ പി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ട സംഭവം കര്‍ണ്ണാടകയിലെ ബി ജെ പിയില്‍ തന്നെ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ബി ജെ പി ഭരണത്തിലിരിക്കുമ്പോഴും തുടര്‍ച്ചയായി പ്രവര്‍ത്തകര്‍കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്കുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ബി ജെ പ്പിക്കുള്ളില്‍ രൂപം കൊണ്ട ഈ പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കസേരക്ക് വരെ ഭീഷണിയായതോടെ അമിത് ഷാ നേരിട്ട് വന്നാണ് പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ത്തത്. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുളള അരങ്ങൊരുങ്ങിയത്. യു പി അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തുകള്‍ നല്‍കിയിരുന്നു.

മംഗലാപുരത്തെ ഹിജാബ് വിഷയം വിവാദമാക്കിമാറ്റിയതും തുടര്‍ന്ന് അവിടെ വലിയ തോതില്‍ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിച്ചതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. അതിനിടയിലാണ് മംഗലാപുരത്ത് കൊലപാതകങ്ങളില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുള്ള കേരളാ ബന്ധവും അവര്‍ കണ്ടെത്തി. കൊലകള്‍ നടത്തുന്നവര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും കൃത്യം ചെയ്തു കഴിഞ്ഞാല്‍ അവര്‍ കേരളത്തിലെ സുരക്ഷിത സങ്കേതങ്ങളില്‍ ഒളിവിലിരിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. മാത്രമല്ല അറസ്റ്റിലാകുന്ന പ്രതികളുടെ കേസ് നടത്താനും മറ്റും വിദേശത്ത് നിന്നടക്കം ധാരാളം പണം ഒഴുകിയിരുന്നുവെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയതും സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും.

പൗരത്വ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ കലാപങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള ആസൂത്രണമാണ് യു പി യിലും ഡല്‍ഹിയലുമെല്ലാം കലാപങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഇതിനായി യു പിയില്‍ നിന്നും ബിഹാറില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെല്ലാം യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം 2018 ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയത്.

2018 ജനുവരിയില്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,
എന്‍ഐഎ മേധാവി ദിനകര്‍ ഗുപ്ത, ഐബി ഡയറക്ടര്‍ തപന്‍ ധേക്ക എന്നിവര്‍ നിരന്തരമായി കൂടിയാലോചനകള്‍ നടത്തി. ഇതേ തുടര്‍ന്ന് എന്‍ ഐ എ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയതെന്നും അറിയുന്നു.

തീവ്ര ഇടതു പക്ഷ ദളിത് സംഘടനകളുമായി കൂട്ടുചേര്‍ന്നുകൊണ്ടും പോപ്പുലര്‍ ഫ്രണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം നടത്തിയരുന്നുവെന്ന് എന്‍ ഐ എ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ യു പിയിലടക്കമുളള ചില പ്രദേശങ്ങളില്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്യമിച്ചുവെന്ന് വരെ എന്‍ ഐ ഐ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരന്നുവെന്നു പറയപ്പെടുന്നു.

പൊപ്പുലര്‍ ഫ്രണ്ടിന് ഏറ്റവും കൂടുതല്‍ സ്വാധീനശക്തിയുള്ള മേഖലയാണ് കേരളമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.2006 ല്‍ കേരളത്തിലാണ് സംഘടന ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം തന്നെ അധ്യാപകന്റെ കൈവെട്ടിയതിനെ തുടര്‍ന്ന് സംഘടനക്ക് കേരളത്തില്‍ നിരോധന സമാനമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. അത് കൊണ്ട് തന്നെ സംഘടയുടെ കേന്ദ്രങ്ങളില്‍ ശക്തമായ റെയ്ഡുകള്‍ ഇതിന് മുമ്പും കേരളത്തില്‍ നടന്നിട്ടുണ്ട്.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് 50,000 സ്ഥിരംഗങ്ങളും, ഒന്നര ലക്ഷത്തോളം അനുഭവികളും ഉണ്ടെന്ന് എന്‍ഐഎ പറയുന്നു. ഇത് ഓരോ വര്‍ഷവും മൂന്നുശതമാനം മുതല്‍ അഞ്ചുശതമാനം വരെ ഉയരുന്നു. മത മൂല്യങ്ങളുടെയും മതം നിര്‍ദേശിക്കുന്ന സദാചാര മൂല്യങ്ങളുടെയും സംരക്ഷണമാണ് കേഡറുകളെ ലക്ഷ്യമെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.

ഏതായാലും ഈ വര്‍ഷാവസാനവും അടുത്ത വര്‍ഷംആദ്യവുമായി ആറ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്, അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാല്‍ 2024 ലോക് സഭാ തിരഞ്ഞെടുപ്പും വരും. ഇതിലെല്ലാം പോപ്പുലര്‍ ഫ്രണ്ട് നിരോധനം തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.