ഉക്രൈന്‍- റഷ്യ പ്രതിസന്ധി; 'ഇന്ത്യക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കില്ല', വി. മുരളീധരന്‍

ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. തിരികെ വരാന്‍ താല്‍പര്യം ഉള്ളവരെയെല്ലാം മടക്കിക്കൊണ്ടുവരും. ഉക്രൈനിലുള്ള എല്ലാ ഇന്ത്യക്കാരും വിവരങ്ങള്‍ എംബസിക്ക് കൈമാറണമെന്നും, അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനാണ് ഇതെന്നും മുരളീധരന്‍ അറിയിച്ചു.

ഉക്രൈനില്‍ ഏകദേശം 18,000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, 2,000 ത്തോളം ഇന്ത്യന്‍ പൗരന്മാരുമാണ് ഉള്ളത്. ആവശ്യം അനുസരിച്ച് കൂടുതല്‍ വിമാന സര്‍വസുകള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ട്.

യുദ്ധത്തിന്റെ സാഹചര്യം എത്ര മാത്രം ഉണ്ട് എന്നതനുസരിച്ചായിരിക്കും പൗന്മാരെ തിരികെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. അത് ഫലപ്രദമായി തന്നെ നിറവേറ്റും.

ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യക്കാരുടെ ക്ഷേമവും, സുരക്ഷയും ഉറപ്പ് വരുത്താന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.