അനുഗ്രഹം തേടി താക്കറെ ഹജ്ജിന് പോകട്ടെ; അയോദ്ധ്യ സന്ദര്‍ശത്തെ എതിര്‍ത്ത് ബി.ജെ.പി നേതാവ്

മഹാരാഷ്ട്രയില്‍ ഭരണത്തിലേറി 100 ദിവസം പിന്നിടുന്ന വേളയില്‍ അയോദ്ധ്യ സന്ദര്‍ശിക്കുമന്നെ് പറഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ബി.ജെ.പി നേതാവ്. താക്കറെ അയോദ്ധ്യയില്‍ പോവേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധിയെ കൂട്ടി ഹജ്ജിന് പോകട്ടെയെന്ന് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞു.

“അയോദ്ധ്യ സന്ദര്‍ശിക്കുന്നതിലൂടെ ഉദ്ധവ് താക്കറെ പാപം ചെയ്യുകയല്ലാതെ ആര്‍ക്കും ഒരു ഉപകാരവും ചെയ്യുന്നില്ല. രാഹുല്‍ ഗാന്ധിക്കൊപ്പം അദ്ദേഹം ഹജ്ജിനു പൊയ്ക്കൊള്ളൂ. കാരണം ഇന്ന് ഉദ്ദവ് താക്കറെ തന്റെ പിതാവിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നില്ല. ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പ് മുതല്‍ അദ്ദേഹം അത് ഉപേക്ഷിച്ചു. താക്കറയുടെ നിലവിലെ രാഷ്ട്രീയത്തിനു ചേര്‍ന്നത് ഇതാണ്” റാവു പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. മാര്‍ച്ച് ഏഴിന് ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശിക്കുമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന.