ആകെ പശുക്കളെത്ര? ആദിത്യനാഥ് കണക്കെടുപ്പ് തുടങ്ങി

ഉത്തര്‍ പ്രദേശില്‍ ഇനി കന്നുകാലികള്‍ക്കും സെന്‍സെസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതാണ് തീരുമാനം. പശുക്കളുടെ എണ്ണമെടുക്കാന്‍ 7.86 കോടി രൂപയാണ് മുഖ്യമന്ത്രി അനുവദിച്ചത്. ഇതോടൊപ്പം തന്നെ പോത്ത്, ചെമ്മരിയാട്, പന്നി, ആട് എന്നിവയുടെയും കണക്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് കന്നുകാലി വില നിശ്ചയിക്കാനും, കന്നുകാലികള്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കാനും, അവയെ ഇന്‍ഷുര്‍ ചെയ്യാനും തീരുമാനം എടുത്തിട്ടുണ്ടെന്നു ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിംഗ് അറിയിച്ചു.

2012 ലും ഇത്തരം സര്‍വേ നടന്നിരുന്നു. അന്ന് 2.01 കോടി പശുക്കള്‍ സംസ്ഥാനത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവയെ കൂടാതെ 3.06 കോടി പോത്ത്, 1.55 കോടി ആടുകള്‍, 13.34 ലക്ഷം പന്നികള്‍ എന്നിവയും ഉണ്ടായിരുന്നു. കന്നുകാലികളുടെ കൃത്യമായ എണ്ണമെടുക്കാനാണ് ഈ സര്‍വ്വേ എന്ന് ഗവണ്മെന്റ് വക്താവ് അറിയിച്ചു.