വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ രണ്ടു ജീവനക്കാര്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില്‍ വാതക ചോര്‍ച്ച. കമ്പനിയിലെ രണ്ടു ജീവനക്കാര്‍ മരിച്ചു. വിശാഖപട്ടണം പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്.  Benzimidazole വാതകമാണ് ചോര്‍ന്നത്.

തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. രണ്ടുപേര്‍ മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. മരിച്ച രണ്ടുപേരും കമ്പനി ജീവനക്കാരാണ്. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേരും. വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ല- പരവാഡ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യോടു പറഞ്ഞു.

തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.