കലങ്ങിതെളിയുമോ കന്നഡ രാഷ്ട്രീയം? സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറെന്ന് കുമാരസ്വാമി; കര്‍ണ്ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട്

എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. ബി.ജെ.പി എങ്ങനെയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്ന് ഇന്ന് സഭയില്‍ വെളിപ്പെടുത്തണമെന്ന് വിമതരോട്, മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമതരില്‍ നാലുപേരെങ്കിലും തിരികെയെത്തുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ഇതിനുള്ള അവസാന ശ്രമങ്ങളിലാണ് സര്‍ക്കാര്‍. ബംഗളൂരുവിലുള്ള ആനന്ദ് സിങ്, മുംബൈയിലുള്ള, ഗോപാലയ്യ, മുനിരത്‌ന, കെ. സുധാകര്‍ എന്നിവരെ തിരികെയെത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് ഭരണപക്ഷം കണക്കുകൂട്ടുന്നത്.

കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പകരം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ ആ സ്ഥാനത്തെത്തിക്കാന്‍ നീക്കമുണ്ട്. കാരണം
കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചവരില്‍ കൂടുതല്‍ പേരും സിദ്ധരാമയ്യ അനുയായികളാണ്. വിമതര്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുന്നതു തടയാനും വിമതരെ അയോഗ്യരാക്കുന്നതിലേക്കു പോകാതിരിക്കാനും കഴിയും.