'രാഹുല്‍ പരാജയപ്പെട്ടാല്‍ രാജി വെയ്ക്കു'മെന്ന സിദ്ദുവിന്റെ പ്രഖ്യാപനം '; വാക്ക് പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ, #SidhuQuitPolittics ഹാഷ് ടാഗില്‍ പ്രതിഷേധം

രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടാല്‍ രാജി വെയ്ക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ്ങ് സിദ്ദു വാക്ക് പാലിക്കണെമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെയും ഗാന്ധി കുടുംബത്തിന്റെയും ഹൃദയഭൂമിയായ അമേഠിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

#SidhuQuitPolitics എന്ന ഹാഷ് ടാഗോടെയാണ് സിദ്ദുവിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം കനക്കുന്നത്. സിദ്ദു വാക്ക് പാലിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. എതിരാളിയായ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെടുകയാണെങ്കില്‍ രാജി വെയ്ക്കുമെന്ന് ഏപ്രിലില്‍ സിദ്ദു പ്രഖ്യാപിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന സിദ്ദുവിന്റെ പത്രസമ്മേളനത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ട്വിറ്ററില്‍ സിദ്ദുവിനെതിരെ ട്രോളുകള്‍ പ്രചരിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ 55120 വോട്ടിന്റെ ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചാണ് സ്മൃതി കരുത്ത് തെളിയിച്ചത്. സ്മൃതി ഇറാനി നേടിയത് 468514 വോട്ടാണ്.

2004 മുതല്‍ ഇതേ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിക്കുന്നത്. നാലാംവട്ടം മണ്ഡലത്തിലെ ജനങ്ങള്‍ രാഹുലിനെ തള്ളിപ്പറയുന്ന കാഴ്ചയ്ക്കാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സാക്ഷിയായത്. ആദ്യ തിരഞ്ഞെടുപ്പില്‍ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുല്‍ ജയിച്ചത്. 2009 ല്‍ ഭൂരിപക്ഷം 3.7 ലക്ഷമായി. കഴിഞ്ഞ തവണ ഒരുലക്ഷത്തില്‍പരം വോട്ടിനു സ്മൃതി ഇറാനിയെ തറ പറ്റിച്ചിരുന്നു.