ത്രിപുര കോൺ​ഗ്രസ് അധ്യക്ഷൻ പിജൂഷ് വിശ്വാസും പാർട്ടി വിട്ടു; തൃണമൂൽ കോൺ​ഗ്രസിലേക്കെന്ന് സൂചന

കോൺഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷൻ പിജൂഷ് കാന്തി ബിശ്വാസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. തൃണമൂൽ കോൺഗ്രസിൽ ചേരാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് പിജൂഷ് ബിശ്വാസ് ട്വീറ്റ് ചെയ്തു. കോൺ​ഗ്രസ് പ്രവർത്തകർക്കും പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിയ്ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് ബിശ്വാസ് തന്റെ രാജി അറിയിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേശീയ മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നിരുന്നു. അടുത്ത ബന്ധമുള്ള ആളാണ് പിജൂഷ് ബിശ്വാസ്. ഇതോടെ ബിശ്വാസും തൃണമൂലിൽ ചേരുമെന്നാണ് സൂചന.

പൊതുസേവനത്തിൽ ഇനി പുതിയ അദ്ധ്യായം ആരംഭിക്കുന്നുവെന്ന്​ അറിയിച്ചാണ്​ സുഷ്മിത കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചത്. രാജിക്കത്ത്​ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക്​ കൈമാറി മണിക്കൂറുകൾക്കകം സുഷ്മിത തൃണമൂലിൽ ചേരുകയായിരുന്നു.

ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ മറ്റു ചില കോൺഗ്രസ് നേതാക്കളും വരും ദിവസങ്ങളിൽ തൃണമൂലിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെപ്പ് നടത്തുന്ന തൃണമൂലിന് ത്രിപുര പരീക്ഷശാലയാണ്. അഭിഷേക് ബാനർജിയും മുകുൾ റോയിയുടേയും നേതൃത്വത്തിലാണ് തൃണമൂൽ ത്രിപുരയിലെ നീക്കങ്ങൾ നടത്തിവരുന്നത്.