മോദി സർക്കാരിന്റെ തീവ്ര ദേശീയതയും സമഗ്രാധിപത്യത്തിലേക്ക് ചുവടുവയ്ക്കുന്ന ഇന്ത്യയും

കെ. സുനില്‍ കുമാര്‍

രാജ്യത്തിന്റെ 73ാം സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ പ്രഖ്യാപനങ്ങളാണ് നടത്തിയത്. അതിലൊന്നാണ് പ്രതിരോധ സേനകള്‍ക്ക് ഒരു മേധാവിയെ നിയമിക്കുമെന്നത്. കരസേന, നാവിക സേന, വ്യോമസേന എന്നീ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് പുതിയ മേധാവി ആവശ്യമാണെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. മൂന്ന് സേന വിഭാഗങ്ങളെ ഏകോപിപ്പിക്കുകയും സൈനിക കാര്യങ്ങളില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുക മാത്രമല്ല, വേഗത്തില്‍ തീരുമാനം എടുക്കുകയെന്ന ചുമതല കൂടി പുതിയ മുഖ്യ സേനമേധാവിക്കായിരിക്കും. സൈനിക സ്വഭാവമുള്ള ഒരു പുതിയ അധികാര കേന്ദ്രം ഉയര്‍ന്നുവരുന്നുവെന്ന് ചുരുക്കം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 വകുപ്പും 35എയും റദ്ദാക്കിയതോടെ ഇന്ത്യ ഒരു രാഷ്ട്രം,  ഒരു ഭരണഘടന എന്ന നിലയിലേക്ക് ഉയര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല, മുത്തലാഖിനെതിരായ നിയമവും ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതും ഒരു രാഷ്ട്രം എന്നതിലേക്ക് സാമ്പത്തിക രംഗത്തെ ചുവടുവെയ്പ്പായാണ് അദ്ദേഹം വിലയിരുത്തുന്നത്. നേരത്തെ ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം 100 ലക്ഷം കൂടി രൂപ നിക്ഷേപിച്ച് ഇന്ത്യയെ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയാക്കുമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് സമ്പത്തുണ്ടാക്കുന്നവരെ ആദരിക്കണമെന്ന് കൂടി അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു, ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് എല്ലാ സേനാവിഭാഗങ്ങളുടെയും മേധാവി എന്ന പദവി കൂടി സൃഷ്ടിക്കുമെന്ന പ്രഖ്യാപനം. എല്ലാം പരസ്പരം ചേര്‍ത്ത് വായിക്കണമെന്ന് ചുരുക്കം.

അമേരിക്ക, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് മുഖ്യ സേന മേധാവിയോ സമാനമായ പദവിയോ ഉള്ളത്. ഈ രാജ്യങ്ങളെല്ലാം ലോക പൊലീസിന്റെ റോള്‍ തങ്ങള്‍ക്കാണെന്ന് കരുതുകയും അയല്‍ രാജ്യങ്ങളുമായോ മറ്റ് ചെറു രാജ്യങ്ങളുമായോ യുദ്ധത്തിലേര്‍പ്പെടുകയും സംഘര്‍ഷം നിലനിര്‍ത്തുകയോ ചെയ്യുന്നവയാണ്. രണ്ടാം ലോക യുദ്ധം മുതല്‍ ഇറാഖ്, അഫ്ഘാന്‍ ആക്രമണങ്ങള്‍ വരെയുള്ളവ ഇത് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയായി കണക്കാക്കപ്പെടുന്ന ഇന്ത്യക്ക് സമാനമായ ഒരു പദവിയുടെ ആവശ്യകതയുണ്ടെന്ന് തോന്നിയിരുന്നില്ല. കാരണം പാകിസ്ഥാൻ ചൈനയുമായി മൂന്ന് യുദ്ധങ്ങളും ഏതാനും ചെറു യുദ്ധങ്ങളും നടത്തിയെങ്കിലും പൊതുവില്‍ ചേരി ചേരാ നയവും സമാധാനപരമായ സഹവര്‍ത്തിത്വം എന്നതായിരുന്നു ഇന്ത്യയുടെ നയം. എന്നാല്‍ ഈ നയം മാറ്റത്തിന്റെ സൂചനകളാണ് ആദ്യ മോദി സർക്കാരിന്റെ കാലം മുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്.

1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സര്‍ക്കാര്‍ നിയോഗിച്ച കെ. സുബ്രമഹ്മണ്യം കമ്മിറ്റിയാണ് മുഖ്യ സൈനിക മേധാവി എന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവെച്ചത്.  എന്നാല്‍ സൈന്യം പുതിയ  അധികാര കേന്ദ്രമായി മാറുമെന്ന ആശങ്കയും സമവായത്തില്‍ എത്താത്തതും കാരണം അത് മാറ്റിവെച്ചു. 2001ല്‍ വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ഉപ പ്രധാനമന്തി എല്‍.കെ അദ്വാനി അദ്ധ്യക്ഷനായ മന്ത്രിസഭ സമിതി വീണ്ടും മുഖ്യ സേന മേധാവിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. 2012ല്‍ നരേഷ് ചന്ദ്ര കമ്മിറ്റി സൈനിക മേധാവികളുടെ സമിതിക്ക് സ്ഥിരം ചെയര്‍മാന്‍ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. നിലവില്‍ മൂന്ന് സേന വിഭാഗങ്ങളുടെയും തലവന്മാരില്‍ സീനിയറായ ആളാണ് ഈ ചുമതല നിര്‍വഹിക്കുന്നത്. 2016ല്‍ ഡി. ബി ശേഖഡ്കര്‍ കമ്മിറ്റിയും ഇതേ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

ഇപ്പോള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കം 1500ഓളം പേരെ വീട്ടുതടങ്കലിലാക്കുകയും 35000ഓളം സൈനികരെ അവിടേക്ക് അയക്കുകയും ചെയ്ത ശേഷമാണ് മുഖ്യ സൈനിക മേധാവിയെ നിയമിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെയും അതിന് തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ കൂടിയാണിത്. 370 റദ്ദാക്കലിനെ തുടര്‍ന്ന് പാകിസ്താനുമായി മാത്രമല്ല, ചൈനയുമായുള്ള ബന്ധവും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കന്‍ മാതൃകയില്‍ മുഖ്യ സൈനിക മേധാവി എന്ന പദവി സൃഷ്ടിച്ചുകൊണ്ട് സൈന്യത്തെ ശക്തമാക്കുന്നത്. അമേരിക്കയുമായും ഇസ്രായേലുമായും സൈനിക മേഖലയിലടക്കം നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന ബാന്ധവവും അവരുടെ ഉപദേശങ്ങളും ഇതിന് പ്രേരണയായിരിക്കണം.

ഇന്ത്യ ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന പ്രഖ്യാപിത നയം ഭാവിയില്‍ മാറിയേക്കാമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനവും ശ്രദ്ധേയമാണ്. ആണവ ക്ലബ്ബില്‍ അംഗമാണെങ്കിലും പ്രതിരോധത്തിന് മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന നയം തിരുത്തുമെന്ന സൂചന തന്നെ പാകിസ്താനും മറ്റ് അയല്‍ രാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഒരു പക്ഷെ ഇത്തരം പ്രഖ്യാപനങ്ങള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ. ഓരോ വർഷവും പല മടങ്ങ് വര്‍ധിക്കുന്ന പ്രതിരോധ ബജറ്റ് വീണ്ടും വലുതാക്കേണ്ടിവരും. എന്നാല്‍ രാജ്യത്തിനകത്ത് അതി ദേശാഭിമാന ബോധത്തെ വളര്‍ത്താനും അത് സര്‍ക്കാരിനുള്ള പിന്തുണയാക്കി മാറ്റാനും എന്‍ഡിഎക്ക് കഴിഞ്ഞേക്കും. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയെയും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളെയും എല്ലാം മറികടക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഇത്തരം സൈനിക കേന്ദ്രിതമായ പ്രഖ്യാപനങ്ങള്‍.

ആദ്യ മോദി സര്‍ക്കാര്‍ തുടങ്ങിവെക്കുകയും രണ്ടാം സര്‍ക്കാര്‍ ആക്കം കൂട്ടുകയും ചെയ്ത അധികാര കേന്ദ്രീകരണത്തിന്റെ ചുവടുപിടിച്ചുള്ള നടപടികളാണ് ഇതെല്ലാം. നേരത്തെ ഭീകര വിരുദ്ധ നടപടികളുടെ പേരില്‍ എന്‍ഐഎ,  യുഎപിഎ നിയമ ഭേദഗതികളിലൂടെ  കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അധികാരങ്ങളെ സംസ്ഥാനളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജിഎസ്ടിയിലൂടെയും നോട്ട് നിരോധനത്തിലൂടെയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുക മാത്രമല്ല സംസ്ഥാനങ്ങളുടെ അധികാരത്തെ ചുരുക്കുന്ന നികുതി ഘടനയിലേക്കുള്ള മാറ്റവും നടന്നുകഴിഞ്ഞു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെ വെട്ടിക്കുറയ്ക്കുന്നതും ഫെഡറല്‍ സങ്കല്‍പ്പങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യുന്ന നടപടികളാണ് രാജ്യത്തിനകത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു നികുതി, ഒരു ഭരണഘടന, ഒരു നിയമം, ഒരു സൈനിക മേധാവി തുടങ്ങിയ മുദ്രാവാക്യങ്ങള്‍  അതി ദേശാഭിമാനത്തെ വളര്‍ത്താനും സര്‍ക്കാരിന് കൂടുതല്‍ ജനപിന്തുണ നേടാനും പര്യാപ്തമാണെങ്കിലും ഇന്ത്യയുടെ വൈവിധ്യങ്ങളെയും അധികാര വികേന്ദ്രീകരണ സങ്കല്‍പ്പങ്ങളെയും ഇല്ലാതാക്കാനേ സഹായിക്കൂ. ജനാധിപത്യത്തില്‍ നിന്ന് സമഗ്രാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും ആയിരിക്കും ഇത് വഴിതുറക്കുക.