കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍; പാര്‍ട്ടിവിട്ടത് പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചെന്ന് മുന്‍ വക്താവ്‌

എ.ഐ.സി.സി മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം എടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും കോൺഗ്രസിന് നേതാവ് ആരാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷൻ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകി കൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം ടോം വടക്കൻ പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നു കൂടി ആരോപിച്ചാണ് സോണിയാ ഗാന്ധിയുടെ  അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കൻ കോൺഗ്രസ് വിടുന്നത്.