മരിച്ചുപോയ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുട്ടിയുടെ ദൃശ്യം; കുടിയേറ്റക്കാരുടെ ദുരിതത്തിന്റെ നേർക്കാഴ്ച

കൊറോണ വൈറസ് ലോക്ക്ഡൗണിനെ തുടർന്ന് സ്വദേശങ്ങളിലെത്താൻ കഴിയാതെ രാജ്യത്തിൻറെ പലയിടങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെ ദൈനംദിന റിപ്പോർട്ടുകളിൽ അവസാനമായി പുറത്തു വരുന്ന ദൃശ്യങ്ങളിലൊന്നിൽ, ബിഹാറിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു കൊച്ചു കുട്ടി മരിച്ചുപോയ തന്റെ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന ഏറ്റവും ദാരുണമായ കാഴ്ചയാണ് കാണുന്നത്. അമ്മയുടെ മേൽ വിരിച്ചിരിക്കുന്ന പുതപ്പ് കൊണ്ട് കുട്ടി കളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യത്തിൽ, കൊച്ചുകുട്ടി അമ്മയുടെ ശരീരത്തിന് മുകളിൽ പുതച്ചിരിക്കുന്ന തുണിയിൽ വലിക്കുന്നു. തുണി ദേഹത്ത് നിന്നും നീങ്ങുന്നുവെങ്കിലും അമ്മ അനങ്ങുന്നില്ല; കടുത്ത ചൂടും പട്ടിണിയും നിർജ്ജലീകരണവും കാരണമാണ് അമ്മ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ മുസാഫർപൂരിലെ ഒരു സ്റ്റേഷനിൽ നിന്നാണ് ദൃശ്യം. 23- കാരിയായ യുവതി തിങ്കളാഴ്ച കുടിയേറ്റക്കാർക്കായുള്ള പ്രത്യേക ട്രെയിനിലാണ് ഇവിടെ എത്തിയത്.

ഇതേ സ്റ്റേഷനിൽ, പട്ടിണിയും ചൂടും കാരണം രണ്ട് വയസുള്ള ഒരു കുട്ടിയും മരിച്ചു. കുട്ടിയുടെ കുടുംബം ഞായറാഴ്ച ഡൽഹിയിൽ നിന്ന് മറ്റൊരു ട്രെയിനിൽ എത്തിയതാണ്. യുവതി അനാരോഗ്യം കാരണം ട്രെയിനിൽ വെച്ച് മരിക്കുകയായിരുനെന്നും തുടർന്ന് മുസാഫർപൂർ സ്റ്റേഷനിൽ ഇറങ്ങാൻ കുടുംബത്തോട് ആവശ്യപ്പെട്ടതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.