വൃദ്ധസദനത്തിലല്ല ! ടി.എന്‍ ശേഷനും ഭാര്യയും സ്വന്തം അപ്പാർട്ട്‌മെന്റിൽ തന്നെ, പ്രചരിക്കുന്നത് ‘തെറ്റായ വാർത്ത’

Advertisement

മുന്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് ശേഷനുമായി അടുത്തവൃത്തങ്ങള്‍. ശേഷനും ഭാര്യ ജയലക്ഷ്മിയും നിലവില്‍ താമസിക്കുന്നത് ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ സെന്റ് മേരീസ് സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ്‌ എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശേഷന്റെ അടുത്ത പരിചയക്കാരനായ എസ്.കെ.രാമചന്ദ്രൻ മാതൃഭൂമി ഓൺലൈനിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഇരുവര്‍ക്കുമുള്ളതിനാൽ വീട്ടിനുള്ളില്‍ നടക്കാൻ പോലും പോലും പരസഹായം ആവശ്യമുണ്ട്. മക്കളില്ലാത്തതിനാല്‍ ജോലിക്കാരാണ് ഇപ്പോള്‍ സഹായത്തിനുള്ളതെന്നും രാമചന്ദ്രൻ വ്യക്തമാക്കി. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശേഷനും ഭാര്യയും വൃദ്ധസദനത്തിലാണെന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സൗത്ത് ലൈവും വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഇടയ്ക്ക് പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനു സമീപത്ത് പത്തു കിലോമീറ്റര്‍ അകലെയുള്ള വെള്ളാരംകടവ് എന്ന ഗ്രാമത്തില്‍ വര്‍ഷാവസാനങ്ങളിലോ മറ്റോ താല്‍ക്കാലിക വിശ്രമ ജീവിതം നയിക്കാന്‍ ശേഷന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെയും ഭാര്യയുടെയും ആരോഗ്യപ്രശ്നങ്ങള്‍ കാരണം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വൃദ്ധസദനത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അറിഞ്ഞ് രാമചന്ദ്രന്‍ ശേഷനെ വിളിച്ചിരുന്നു.

ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും താമസിക്കുന്നത് വൃദ്ധസദനത്തില്‍ അല്ലെന്നും ആള്‍വാര്‍പേട്ടിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണെന്നുമാണ്‌ ഫോണെടുത്ത ശേഷന്റെ ഭാര്യ ജയലക്ഷ്മി പ്രതികരിച്ചത്. പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ ശരിയാണോ എന്ന് അറിയാന്‍ പലരും തങ്ങളെ ഫോണ്‍ മുഖാന്തരം ബന്ധപ്പെട്ടിരുന്നതായും ജയലക്ഷ്മി രാമചന്ദ്രനോട് പറഞ്ഞു.