പശുക്കളെ ഭക്ഷിക്കുന്നതിന് മനുഷ്യരെ പോലെ കടുവകളെയും ശിക്ഷിക്കണമെന്ന് ഗോവ എം‌.എൽ‌.എ

പശുക്കളെ ഭക്ഷിച്ചതിന് മനുഷ്യർ ശിക്ഷിക്കപ്പെടുമ്പോൾ അതേ കുറ്റത്തിന് കടുവകളെയും ശിക്ഷിക്കണം എന്ന് ഗോവ നിയമസഭയിൽ എൻ‌സി‌പി, എം‌എൽ‌എ ചർച്ചിൽ അലേമാവോ. കടുവകളെ നാട്ടുകാർ കൊന്നതുമായി ബന്ധപ്പെട്ട വിഷയം ഗോവ നിയമസഭയിൽ ബുധനാഴ്ച ചർച്ചയായിരുന്നു.

കഴിഞ്ഞ മാസം മഹാദായി വന്യജീവി സങ്കേതത്തിൽ ഒരു കടുവയെയും മൂന്ന് കടുവക്കുഞ്ഞുങ്ങളെയും നാട്ടുകാർ കൊന്നിരുന്നു.

ബുധനാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് സഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് ഈ വിഷയം ഉന്നയിച്ചത്.

“കടുവ പശുവിനെ ഭക്ഷിക്കുമ്പോൾ ലഭിക്കുന്ന ശിക്ഷ എന്താണ്? ഒരു മനുഷ്യൻ പശുവിനെ ഭക്ഷിക്കുമ്പോൾ അയാൾ ശിക്ഷിക്കപ്പെടുന്നു,” ചർച്ചിൽ അലേമാവോ പറഞ്ഞു.

വന്യജീവികളെ സംബന്ധിച്ചിടത്തോളം കടുവകൾ പ്രധാനമാണ്, എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുക്കളാണ് പ്രധാനം, അലേമാവോ കൂട്ടിച്ചേർത്തു.

Read more

കന്നുകാലികളെ ആക്രമിച്ചതിനാൽ പ്രദേശവാസികൾ കടുവകളെ കൊന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി പറഞ്ഞു. കന്നുകാലികളെ നഷ്ടപ്പെട്ട കർഷകർക്ക് മൂന്നോ നാലോ ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.