കർണാടകയിൽ ജനതാദൾ സെക്കുലർ-കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കിയ വിമത എം.എൽ.എമാർ ഇനി ബി.ജെ.പി സ്ഥാനാർത്ഥികൾ

ജൂലൈയിൽ കർണാടകയിലെ ജനതാദൾ സെക്കുലർ-കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഇറക്കി ബി.ജെ.പി സർക്കാരിന് വഴിയൊരുക്കിയ 17 എം‌എൽ‌എമാരിൽ 13 പേർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കും. ഡിസംബർ 5 ലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളായി ഭരണകക്ഷി വ്യാഴാഴ്ച ഇവരെ പ്രഖ്യാപിച്ചു. മുൻ എച്ച്ഡി കുമാരസ്വാമി സർക്കാരിനെ ന്യൂനപക്ഷത്തിലേക്ക് തള്ളിവിട്ട ജെഡിഎസിന്റെയും കോൺഗ്രസിന്റെയും എം‌എൽ‌എമാരെ അയോഗ്യരാക്കിയത് മൂലം ഒഴിഞ്ഞുകിടക്കുന്ന 15 സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

മഹേഷ് കുമാറ്റള്ളി, ശ്രീമന്തഗൗഡ പാട്ടീൽ, രമേശ് ജരകിഹോളി, ശിവറാം ഹെബ്ബാർ, ബിസി പാട്ടീൽ, ആനന്ദ് സിംഗ്, കെ സുധാകർ, ഭൈരതി ബസവരാജ്, എസ്ടി സോമശേഖർ, കെ. ഗോപാലയ്യ, എംടിബി നാഗരാജ്, കെ സി നാരായണഗൗഡ, എച്ച് വിശ്വനാഥ് എന്നിവരാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ജെഡിഎസ്, കോൺഗ്രസ് വിമതർ.

സുപ്രീം കോടതി ഇന്നലെ അയോഗ്യത സ്ഥിരീകരിച്ചെങ്കിലും 2023 വരെ (നിലവിലെ നിയമസഭയുടെ കാലാവധി) എം‌എൽ‌എമാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയ മുൻ സ്പീക്കർ കെ ആർ രമേശ് കുമാറിന്റെ ഉത്തരവ് റദ്ദാക്കി.

കോടതിയുടെ തീരുമാനം കഴിഞ്ഞയുടനെ തങ്ങൾ ബിജെപിയിൽ ചേരുമെന്ന് എം‌എൽ‌എമാർ പറഞ്ഞു, ഇതിന് മുഖ്യമന്ത്രി യെദ്യൂരപ്പ അംഗീകാരം നൽകി. “ഈ 17 കോൺഗ്രസ്-ജെഡിഎസ് നിയമസഭാംഗങ്ങളുടെ ത്യാഗവും, എം‌എൽ‌എമാർ എന്ന നിലയിലും ചിലർ മന്ത്രിമാരെന്ന നിലയിലും രാജിവെച്ചതിനാലാണ് എനിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞത് പാർട്ടി പ്രസിഡന്റിനൊപ്പം മുഖ്യമന്ത്രിയെന്ന നിലയിൽ, നിങ്ങളോട് വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിക്കുമെന്നും നിങ്ങളെ വഞ്ചിക്കില്ലെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു,” വിമതരെ തന്റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു കർണാടകം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യാഴാഴ്ച പറഞ്ഞു.