'കുംഭമേളയിൽ പങ്കെടുക്കുന്നവർ കോവിഡ്​ പ്രസാദമായി കൊണ്ടുവരും'; വിമർശനവുമായി​ മുംബൈ മേയർ

രാജ്യം കോവിഡ്​ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച്​ നിൽക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ പ​ങ്കെടുക്കുന്ന കുംഭമേളയ്ക്കെതിരെ വിമർശനവുമായി മുംബൈ മേയർ.

ഹരിദ്വാർ കുംഭമേളയിൽ പ​ങ്കെടുത്ത്​ തിരികെ എത്തുന്നവർ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് മേയർ കിഷോരി പെഡ്​നേക്കർ പറഞ്ഞു.

കുംഭമേളയിൽ പ​ങ്കെടുത്ത്​ മുംബൈയിൽ​ മടങ്ങിയെത്തുന്ന തീർഥാടകരെ ക്വാറൻറീനിൽ പാർപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായും തീർഥാടകർ സ്വന്തം ചെലവിൽ ക്വാറൻറീൻ ചിലവുകൾ വഹിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.

രോ​ഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേളയിലെ ചടങ്ങുകൾ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആവശ്യപ്പെട്ടിരുന്നു.

ഹിന്ദു ധർമ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണിൽ വിളിച്ചാണ് കുംഭമേള ചടങ്ങുകൾ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.