പ്രതിഷേധം ശക്തമായി; വ്യവസ്ഥകള്‍ പാലിച്ചാല്‍ ഉരുളക്കിഴങ്ങ് കര്‍ഷകരെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പെപ്‌സികോ ഇന്ത്യ

പ്രതിഷേധം ശക്തമായതോടെ ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകരെ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പെപ്‌സികോ ഇന്ത്യ. കമ്പനിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കുന്നവരുമായി ഒത്തുതീര്‍പ്പിന് സന്നദ്ധമാണെന്ന് പെപ്‌സികോ ഇന്ത്യ അറിയിച്ചു.

രണ്ട് ആവശ്യങ്ങളാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയിലുള്ളത്. ഒന്നാമത്തെ വ്യവസ്ഥ തങ്ങളുടെ വിത്ത് കര്‍ഷകര്‍ വാങ്ങണം. രണ്ടാമത്തെ വ്യവസ്ഥ ഉത്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് തങ്ങള്‍ക്കു തന്നെ വില്‍ക്കണമെന്നതാണ്. ഇതിന് ആലോചിച്ച് മറുപടി നല്‍കാമെന്നാണ് കര്‍ഷകരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

നേരത്തെ ബോയ്കോട്ട് ലെയ്സ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപാകമായിരുന്നു. ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് കര്‍ഷകര്‍ക്കെതിരെ കമ്പനി നിയമനടപടി സ്വീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായത്. #BoycottLays, #BoycottPepsico എന്നിങ്ങനെയാണ് ഹാഷ് ടാഗ് സഹിതമുള്ള ക്യാമ്പയിന്‍.

കമ്പനി ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം കമ്പനിക്ക് മാത്രമെന്ന് കാട്ടിയാണ് നിയമനടപടി സ്വീകരിച്ചത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കാണെന്നാണ് കമ്പനിയുടെ വാദം. ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് നിയമനടപടി.

അഹമ്മദാബാദിലെ പ്രത്യേക കോടതി ഉരുളക്കിഴങ്ങ് കൃഷിയും വില്‍പനയും തടഞ്ഞ് കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പഠിക്കുന്നതിനായി അന്വേഷണ സമിതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്.

പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമപ്രശ്‌നങ്ങളെ കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ പറഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷകസംഘടനാപ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.