പ്രധാനമന്ത്രി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും; ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചെന്ന് കെ.സി.ബി.സി

ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്ര മോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെ പറ്റി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതായി കെ.സി.ബി.സി അറിയിച്ചു. മോദിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക.

ഈമാസം 30, 31 തിയതികളിൽ നടക്കുന്ന ജി20 സമ്മേളനത്തിനായി 29നാണ് പ്രധാനമന്ത്രി റോമിലെത്തുന്നത്. ജി20 സമ്മേളനത്തിൽ ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണു മോദി പങ്കെടുക്കുന്നത്. 120 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം കോവിഡ് കാരണമാണ് ഈ വർഷത്തേയ്ക്കു മാറ്റിയത്.

അതേസമയം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും വത്തിക്കാൻ തലവനും ആഗോള കത്തോലിക്ക തലവനുമായ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടക്കുന്നത്. മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇന്ത്യ അതിന് അനുമതി നൽകിയിരുന്നില്ല.