യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രേരിപ്പിച്ചു; നേതാക്കളുടെ അറസ്റ്റില്‍ എന്‍.ഐ.എ കോടതിയില്‍

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പരോക്ഷമായി റിമാന്റ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ സൂചിപ്പിക്കുന്നുണ്ട്. യുവാക്കളെ ഐഎസ്ഐഎസ്, ലഷ്‌കര്‍-ഇ-തോയ്ബ, അല്‍ ഖയ്ദ മുതലായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രേരിപ്പിക്കുന്നതായും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിനോട് അനുബന്ധിച്ച സംസ്ഥാനത്ത് രാവിലെ ഏഴ് മണി മുതല്‍ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സംസ്ഥാനമെങ്ങും കെ എസ് ആര്‍ ടി സി ബസുകള്‍ ആക്രമിക്കപ്പെട്ടു. തുറന്ന കടകള്‍ എല്ലാം തല്ലിപ്പൊളിക്കുകയും, പൂട്ടിക്കുകയും ചെയ്തു. പൊലീസുകാര്‍ക്കെതിരെയും ആക്രമങ്ങളുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭീകരാന്തരീക്ഷം നിലനില്‍ക്കുകയാണ്.