എസ്പി - ബിഎസ്പി സഖ്യം യുപിയില്‍ നീട്ടിയ രണ്ട് സീറ്റിന് അതേ നാണയത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്; പോര്‍ക്കളത്തില്‍ തനിച്ച് പോരാടുമെന്ന് പാര്‍ട്ടി

യുപിയില്‍ തനിച്ച് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ ഏതാനും ദിവസങ്ങളായി എസ്പി ബിഎസ്പി സഖ്യം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എസ് പി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നേരിട്ട് ഇത് പല തവണ പ്രകടിപ്പിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് എസ്.പി-ബി.എസ്.പി സഖ്യം ലക്ഷ്യമിടുന്നത്. തങ്ങളുടെ സഖ്യത്തില്‍ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കായി രണ്ട് സീറ്റ് നീക്കി വച്ചുവെന്നും അദ്ദേഹം പറഞ്ഞത്.

ബിജെപിയെ സഹായിക്കുന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചത് ഇതിന്റെ തെളിവാണ്. സജീവമായി മത്സരിച്ച് പാര്‍ട്ടിയെ വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് ദോഷം ചെയ്യും. യു.പിയില്‍ 80 സീറ്റില്‍ രണ്ട് എണ്ണം കോണ്‍ഗ്രസിനായി നല്‍കിയിരുന്നു. കൂടുതല്‍ സീറ്റുകള്‍ ഇല്ലാത്തത് കൊണ്ട് മാത്രമാണ് രണ്ട് സീറ്റ് നല്‍കിയത്. ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ സീറ്റുകള്‍ അവര്‍ക്കും നല്‍കുമായിരുന്നവെന്നാണ് അഖിലേഷ് വ്യക്തമാക്കിയത്.

പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ഇക്കുറി തനിച്ച് മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പതിനഞ്ച് സീറ്റുകള്‍ വിട്ടുനല്‍കിയാല്‍ എസ് പി ബിഎസ്പി സഖ്യവുമായി കൈകോര്‍ക്കുന്നതിന് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. പക്ഷേ ഇതിനോട് എസ്പി ബിഎസ്പി സഖ്യം പ്രതികൂലമായിട്ടാണ് ആദ്യം പ്രതികരിച്ചത്. സംസ്ഥാനത്തില്‍ 80 സീറ്റില്‍ 78 ലും തനിയെ സ്ഥാനാര്‍ത്ഥികളെ സഖ്യം പ്രഖ്യാപിച്ചിരുന്നു. അമേത്തിയിലും റായ്ബലേറിയിലും കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്നാണ് ഇരുകക്ഷികളും തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളാണിത്.

സഖ്യത്തില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതോടെ എല്ലാ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം യുപി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടപ്പാക്കിയത്. ഇതിലും എസ് പി ബിഎസ്പി സഖ്യത്തിന് അതൃപ്തിയുണ്ട്. ഇതിനകം 11 മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

തങ്ങള്‍ക്കായി രണ്ട് സീറ്റ് നീക്കിവച്ച് എസ്പി ബിഎസ്പി സഖ്യത്തിനായി മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസും ഒഴിച്ചിടാമെന്ന് സിന്ധ്യ പറഞ്ഞു. സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ച ശേഷം കോണ്‍ഗ്രസിനെ പരിഹസിച്ച സഖ്യത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുന്ന ശൈലിയാണ് സിന്ധ്യ സ്വീകരിച്ചത്.