നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന്; വധശിക്ഷ നടപ്പാക്കുന്നത് വൈകും

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി മാര്‍ച്ച് ആറിന്് പരിഗണിക്കും. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതിനാല്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താത്്ക്കാലിക പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. കംപ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന പട്ടികയാണ് ഇത്. ഇതനുസരിച്ച് മാര്‍ച്ച് ആറിനാണ് പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

അതേസമയം മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത. മാര്‍ച്ച് ആറിന് പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിക്കുകയാണെങ്കില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീളും. എന്നാല്‍ തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും.

തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാല്‍ തന്നെ ദയാഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ പവന്‍ ഗുപ്തയ്ക്ക് അവകാശമുണ്ട്. അങ്ങനെയാണെങ്കില്‍ അന്നുതന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനിടയുണ്ട്. അക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെചുത്താല്‍ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ.പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കേണ്ടതിനാല്‍ മാര്‍ച്ച് 20 ലേക്ക് വധശിക്ഷ നീണ്ടുപോകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.