സിംഹത്തിന് മുന്നില്‍ കുടുങ്ങിയ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പടല്‍; വീഡിയോ വൈറല്‍

ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിൽ സിംഹത്തിന് മുൻപിൽ കുടുങ്ങിയ യുവാവ് സാഹസികമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് പാര്‍ക്കിന്റെ പരിസരത്ത് കൂടെ നടക്കുകയായിരുന്ന ജി. സായ്കുമാര്‍ എന്ന യുവാവാണ് ആഫ്രിക്കന്‍ സിംഹങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്ത് പ്രവേശിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഒരു പാറക്കൂട്ടത്തിനു മുകളില്‍ സായ് കുമാര്‍ ഇരിക്കുന്നതും തൊട്ടുതാഴെ സിംഹം അയാളെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. പാറക്കല്ലിന് മുകളില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ ശ്രമിയ്ക്കുന്ന യുവാവിനോട് ആളുകള്‍ പിന്തിരിപ്പിയ്ക്കുന്നതും കാണാം. സംവത്തിൽ യുവാവിനെ പിടികൂടിയ മൃഗശാല അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ അധികൃതര്‍ പൊലീസില്‍ പരാതിയും നല്‍കി.

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സിംഹങ്ങള്‍ കാണപ്പടുന്ന പ്രദേശത്ത് സായികുമാര്‍ ചാടിയെന്നും പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ നടക്കുകയായിരുന്നെന്ന് നെഹ്രു സുവോളജിക്കല്‍ പാര്‍ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിംഹങ്ങള്‍ കഴിയുന്ന പ്രദേശത്ത് ഒരു ചുറ്റുമതിലുണ്ട്. അത് നിരോധിത മേഖലയാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.നിരോധിത മേഖലയില്‍ അതിക്രമിച്ച് പ്രവേശിച്ചതിന് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.