മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചു വിട്ടേക്കും; നിര്‍ണായക നീക്കവുമായി ബി.ജെ.പി

മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചു വിട്ടേക്കും. ഇതിനുള്ള നീക്കം ബിജെപി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് ബിജെപി കരുനീക്കം ശക്തമാക്കിയിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ഹരിയാനയില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും.

ഈ വര്‍ഷം ഒക്ടോബര്‍ വരെ മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ക്ക് കാലാവധിയുണ്ട്. നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. ജമ്മു കശ്മീരിലും നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. മറ്റു രാഷ്ട്രീകക്ഷികളും എത്രയും വേഗം ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യപ്പെടുന്നത്.

നിലവില്‍ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം ജനവിധി തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതാണ് സംസ്ഥാനങ്ങളില്‍ നിയമസഭകള്‍ പിരിച്ചു വിടുന്നതിനുള്ള നീക്കം നടത്താന്‍ കാരണം.