ഇന്ത്യന്‍ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ ഒമാനില്‍

ഒമാനില്‍ നിരവധി കപ്പലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ഇന്ധനവും ചരക്കുകളും എത്തിക്കുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഒമാനില്‍. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായതിനു പിന്നാലെയാണ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്.

ഈ സാഹചര്യത്തില്‍ മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എന്‍.എസ് സുനൈന എന്നിവയെയാണ് ഒമാന്‍ കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ശേഷിയുള്ളതാണ് ഈ രണ്ട് യുദ്ധക്കപ്പലുകളും എന്ന പ്രത്യേകതയുമുണ്ട്. ഒമാന്‍ കടലിടുക്കില്‍ അമേരിക്കയുടെ ഡ്രോണ്‍ വെടി വെച്ചിട്ടെന്ന് വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. യുദ്ധക്കപ്പലുകള്‍ക്കൊപ്പം നിരീക്ഷണ വിമാനങ്ങളും ഇന്ത്യ അയക്കുന്നുണ്ട്.

Read more

എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം അവര്‍ നിഷേധിച്ചു. ആക്രമണങ്ങള്‍ക്ക് പിന്നാലെ അതീവ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നല്‍കിയിരുന്നു. ജൂണ്‍ 13-നും 16-നുമാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്. എണ്ണടാങ്കറുകള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് യു.എന്‍ പ്രഖ്യാപിച്ചിരുന്നു.