ഗോരക്ഷകര്‍ പതിനേഴുകാരനെ കൊല ചെയ്തു. കേസ് അട്ടിമറിക്കാന്‍ ശ്രമം.

പട്ടാളത്തില്‍ ചേരണമെന്നായിരുന്നു സബീര്‍ ഖാന്‍ എന്ന പതിനേഴുകാരന്റെ ആഗ്രഹം. അതുകൊണ്ടാണ് എല്ലാദിവസവും വെളുപ്പിനെ കൂട്ടുകാരോടൊപ്പം അവന്‍ ഓടാന്‍ പോയിരുന്നത്. നാട്ടുകാരായ ചില ഗോരക്ഷാ പ്രവര്‍ത്തകരുണ്ടായിരുന്നു. അവരുമായിട്ടൊന്നും വലിയ അടുപ്പമോ അകല്‍ച്ചയോ ഇല്ല. സബീറിന്റെ ജ്വേഷ്ഠന്റെ ചില സഹപാഠികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. രാജസ്ഥാനിലെ ആഴ് വാര്‍ ആണ് സ്ഥലം. ഒരു ജോലിക്കും പോകാത്ത ഗോരക്ഷകര്‍ ഏതെങ്കിലും വാഹനത്തില്‍ മൃഗങ്ങളുമായി ആരെങ്കിലും യാത്രചെയ്യുന്നുണ്ടോ എന്ന് റോഡില്‍ കാത്തിരിക്കുകയും അങ്ങനെ ദൃഷ്ടിയില്‍ പെട്ടാല്‍ പിന്തുടര്‍ന്ന് കുഴപ്പമുണ്ടാക്കുകയുമൊക്കെ പതിവാണ്. അത് വലിയൊരു ദേശരക്ഷാപ്രവൃത്തിയാണെന്നവര്‍ കരുതിപ്പോരുന്നു.

സെപ്റ്റംബര്‍ 11 ന് പ്രഭാതയോട്ടത്തിനുപോയ സബീറും കൂട്ടുകാരും അനില്‍ എന്നയാളുടെ വാഹനത്തില്‍നിന്നും വളരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അപകടകരമായ രീതിയില്‍ കാറോടിച്ച അനിലുമായി അവര്‍ക്ക് വാക്കേറ്റമുണ്ടാകുകയും ചെയ്തു. സബീറിന്റെ നേരെ നോക്കി അനില്‍ ആക്രോശിച്ചു. ഇനി മേലില്‍ രാവിലെ ഓടാനായി നിന്നെ റോഡില്‍ കാണരുത്. ഞാന്‍ നിന്റെ മേല്‍ കാറ് കയറ്റും.

അത് ആരുമത്ര കാര്യമാക്കിയില്ല. അടുത്ത ദിവസം യാതൊരു പ്രകോപനവുമില്ലാതെയാണ് അനില്‍ എന്ന ബജ്രംഗി ഗുണ്ട ആ കുട്ടിയെ കാറിടിച്ചു വീഴ്ത്തിയത്. കൂട്ടുകാര്‍ ഓടിവരുമ്പോഴേക്കും അനിലിന്റെ കൂട്ടാളിയും മറ്റൊരു വാഹനത്തില്‍ പാഞ്ഞുവന്ന് സബീറിന്റെ ദേഹത്തു കയറ്റി. ഇരുവരും വാഹനവുമായി കടന്നു കളഞ്ഞു. മാത്രമല്ല സബീര്‍ ഖാന്റെ ജ്വേഷ്ഠനെ വഴിക്കു കണ്ടപ്പോള്‍ നിന്റെ അനുജനെ ഞാന്‍ തീര്‍ത്തിട്ടുണ്ട് എന്ന് പറയുകയും ചെയ്തു.

ഇതിനിടെ കന്നുകാലികളെയും കൊണ്ടുപോയ ഒരു വാഹനമാണ് സബീറിനെ ഇടിച്ചത് എന്ന പേരില്‍ കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. എന്നാല്‍ ദൃക്‌സാക്ഷികളും തലേദിവസത്തെ സംഭവവികാസങ്ങളും കുറ്റവാളികള്‍ക്കെതിരായ ശക്തമായ തെളിവുകളായി നിലനില്‍ക്കുന്നു.

2019 ലെ കണക്കു പ്രകാരം രാജസ്ഥാനില്‍ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റില്‍ തലയ്ക്കു വിലപറയപ്പെട്ടവര്‍തന്നെ 1750 പേരാണ് ഉണ്ടായിരുന്നത്. ഇവരുടെ വിവരങ്ങള്‍ രാജസ്ഥാന്‍ പോലീസ് വെബ്‌സൈറ്റില്‍ത്തെന്ന പ്രസിദ്ധപ്പെടുത്തിയിരുന്നു. 84 പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു. വളരെ വിചിത്രമായ മറ്റൊരു കാര്യം ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കാന്‍ പലരുടെയും ഫോട്ടോ പോലും ലഭ്യമല്ല എന്നതാണ്.

നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ബലാല്‍ക്കാരവും ബലാല്‍ക്കാരശ്രമത്തിനും സ്ത്രീകള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങള്‍ക്കും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇപ്പോള്‍ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് അധികാരത്തില്‍ വന്നതിനുശേഷം അക്രമസംഭവങ്ങളില്‍ 49 % വര്‍ദ്ധന ആരോപിച്ച് ബിജെപി പ്രക്ഷോഭങ്ങളെല്ലാം തുടങ്ങിയിരുന്നു. എന്നാല്‍ ഗെലോട്ട് വന്നതിനുശേഷം സംഭവങ്ങള്‍ കേസ് ആകാനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും തുടങ്ങിയത് എന്ന് ഡിജിപി ബിഎല്‍ സോണി പ്രസ്താവിച്ചതോടെ ക്രിമിനലുകളെ പോലീസ് പോലും എത്ര ഭയക്കുന്നു എന്നത് വെളിച്ചത്തുവന്നു. പരാതികളില്‍ ഭുരിഭാഗവും മുന്‍വര്‍ഷങ്ങളില്‍ കേസ് ആകുകയോ എഫ്‌ഐ ആര്‍ എഴുതുകയോ ചെയ്യപ്പെട്ടിരുന്നില്ല എന്നാണദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

തൊണ്ണൂറുകളുടെ തുടക്കത്തോടെയാണ് കുറ്റവാളികള്‍ക്ക് ഭരണകൂടത്തില്‍നിന്നും സംരക്ഷണം ലഭിച്ചുതുടങ്ങിയത്. സാമുദായിക ധ്രുവീകരണത്തോടെ അവരുടെ വിളയാട്ടത്തിന് അനുയോജ്യമായ വളക്കൂറുള്ള മണ്ണായി രാജസ്ഥാന്‍ മാറി. എല്ലാ മാംസവും കഴിച്ചിരുന്ന ശൈമതക്കാരായ രജപുത്രരെ മാനിപ്പുലേറ്റ് ചെയ്ത് വെജിറ്റേറിയനിസത്തിന് പ്രത്യേക ഗ്ലാമറുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായി ചില തത്പരകേന്ദ്രങ്ങളുടെ ശ്രമം. അന്യമതവിരോധംകൊണ്ടുമാത്രം ഗോമാതാവിനുവേണ്ടി ഗര്‍ജ്ജിക്കുന്നവര്‍ പോലും അതിന്റെ മാംസം രഹസ്യമായി ഭക്ഷിക്കുന്നവരാണെന്നതാണ് വാസ്തവം. തൊട്ടയല്‍ സംസ്ഥാനമായ ഗുജറാത്തില്‍നിന്നും പശുവിറച്ച് കയറ്റി അയക്കുന്ന വലിയ ബിസിനസ്സുകാരെല്ലാം ബിജെപിക്കാരാണ് എന്നറിയാത്തവരില്ല.

മൃഗസ്‌നേഹമെല്ലാം നല്ലതാണ്. പക്ഷെ ഗോരക്ഷ എന്നത് മനുഷ്യരെ വെറുക്കാനുള്ള മാര്‍ഗ്ഗമാക്കിയിരിക്കുകയാണിവര്‍. അതിന്റെ അവസാന ഉദാഹരണമാണ് ഗോഹത്യയുമായി വിദൂരബന്ധം പോലുമില്ലാത്ത സബീര്‍ഖാന്‍ എന്ന പതിനേഴുകാരന്‍ അകാരണമായി വധിക്കപ്പെട്ട ദാരുണമായ സംഭവം.