കർഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം നാളെ

ഒരു വർഷമായി തുടരുന്ന കർഷക സമരം പിൻവലിക്കുന്നതിൽ അന്തിമ തീരുമാനം നാളെ ഉണ്ടാവും. താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കിയെന്നാണ് റിപ്പോർട്ട്. ഇതോടെ നാളെ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോ​ഗത്തിൽ സമരം പിൻവലിക്കുന്ന കാര്യത്തിൽ വ്യക്തതവരും.

എംഎസ്പി സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുമെന്നും വൈക്കോല്‍ കത്തിച്ചതിന് കര്‍ഷകരുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തങ്ങള്‍ ഉന്നയിക്കുന്ന മറ്റു ആവശ്യങ്ങളില്‍ അനുകൂല നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നായിരുന്നു നേരത്തെ കര്‍ഷക സംഘടനകള്‍ എടുത്ത നിലപാട്.

Read more

തുടർസമരത്തിന്റെ കാര്യത്തിൽ വാർത്താ സമ്മേളനം വിളിച്ച് കർഷകർ നിലപാട് അറിയിക്കുമെന്നാണു സൂചന. മിനിമം താങ്ങുവിലയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന ഉറപ്പ് കേന്ദ്രസർക്കാർ കർഷക സംഘടനകള്‍ക്കു നൽകിയെന്നു വിവരമുണ്ട്.‌