ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ല; ഇൻഡിഗോയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ഭിന്നശേഷിക്കാരനായ കുട്ടിയെ വിമനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ  ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ റാഞ്ചി എയർപോർട്ടിൽ നിന്നും വിമാനത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ഇൻഡി​ഗോ എയർലൈസിനെതിരെ പിഴ ചുമത്തിയത്. ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ കൈകാര്യം ചെയ്ത രീതി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി സിവിൽ ഏവിയേഷന്റെ ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.

കഴിഞ്ഞ മേയ് ഏഴിനാണ് റാഞ്ചി-ഹൈദരാബാദ് വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ കുട്ടിയെ അധികൃതർ തടഞ്ഞത്. കുട്ടിക്ക് യാത്ര ചെയ്യാൻ അനുമതി നിഷേധിച്ചതോടെ മാതാപിതാക്കളും -അവരോടൊപ്പം ഉണ്ടായിരുന്നവരും വിമാനത്തിൽ കയറേണ്ടെന്ന് തീരുമാനിക്കുകയുണ്ടായി. വിമാനത്താവളത്തിൽ മറ്റൊരു വിമാനത്തിൽ കയറാൻ കാത്തുനിന്ന യാത്രക്കാരനാണ് ഫെയ്സ്ബൂക്കിലൂടെ ഈ സംഭവം പുറത്തെത്തിച്ചത്. പിന്നാലെ മേയ് ഒമ്പതിന്, കുട്ടി പരിഭ്രാന്തനായി കാണപ്പെട്ടതിനാൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചുവെന്ന വിശദീകരണവുമായി ഇൻഡിഗോ രംഗത്തെത്തുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡിജിസിഎ മൂന്നംഗ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും. എയർലൈൻ കമ്പനിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. സംഭവത്തിൽ ഇൻഡിഗോയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിസിഎ കണ്ടെത്തി. സാഹചര്യങ്ങളിൽ അതിനനുസരിച്ചുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടത്,

എന്നാൽ എയർലൈൻ ജീവനക്കാർ അവസരത്തിനൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു. ഈ വിഷയത്തിൽ ഏവിയേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ ഇൻഡി​ഗോ എയർലൈൻസ് ജീവനക്കാർ വീഴ്ച വരുത്തിയെന്നും തുടർന്നാണ് പിഴ ഈടാക്കാൻ തീരുമാനിച്ചതെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പറഞ്ഞു.

കൂടുതൽ ശ്രദ്ധയോടെ വേണമായിരുന്നു കാര്യങ്ങൾ​ കൈകാര്യം ചെയ്യാൻ. കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന നടപടി ശരിയായില്ലെന്നും’ സിവിൽ ഏവിയേഷന്റെ പ്രസ്താവനയിൽ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ തടയുന്നതിനായി നിയമങ്ങൾ പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങൾ ശരിയല്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.