കെ. വി തോമസിന്റെ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ്

കെ. വി. തോമസിന്റെ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനം കോൺഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പടുത്തി.  കെ.വി തോമസ് ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന വാർത്തകൾ ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്.

കെ.പി.സി.സിയുമായി വിലപേശലിനുള്ള നീക്കം കെ.വി തോമസ് നടത്തിയാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് നേതാക്കൾക്ക് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് പാര്‍ട്ടി പദവികള്‍ ഒന്നും നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്കും ഹൈക്കമാന്‍ഡ് എത്തിയതായാണ് സൂചന.  തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കെ.വി തോമസിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് സീറ്റ് നല്‍കിയിരുന്നില്ല. ഇതിൽ അദ്ദേഹം കടുത്ത അമര്‍ഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടർന്നുള്ള അവസരങ്ങളിൽ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ കെ.വി തോമസ് ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാര്‍ട്ടിയുമായുള്ള അകല്‍ച്ച തുടര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി അദ്ദേഹം ഇടതുപക്ഷത്തേക്ക് പോകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളാതെ അഭ്യൂഹങ്ങൾ വളർത്തുന്ന രീതിയിലുള്ളതായിരുന്നു  കെ.വി തോമസിന്റെ പ്രതികരണം.